InternationalLatest

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ടോക്കിയോയില്‍

“Manju”

മഹാമാരിക്ക് ശേഷം ആദ്യമായി ബാഡ്മിന്റണിലെ വലിയ താരങ്ങളെല്ലാം ഒരേ ടൂര്‍ണമെന്റില്‍ ലോക ചാമ്പ്യന്‍ഷിപ്പ് കിരീടങ്ങള്‍ നേടുന്നതിനായി കോര്‍ട്ടിലെത്തുകയാണ്‌. ആഗസ്ത് 22 മുതല്‍ 28 വരെ ടോക്കിയോയില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരെല്ലാം കിരീടം നിലനിര്‍ത്താന്‍ മടങ്ങിയെത്തിയപ്പോള്‍ വിക്ടര്‍ ആക്‌സെല്‍സണും കരോലിന മാരിനും കിരീടം തിരിച്ചുപിടിക്കാനൊരുങ്ങുകയാണ്.

നിലവിലെ അഞ്ച് ചാമ്പ്യന്‍മാരായ പുരുഷ സിംഗിള്‍സില്‍ ലോഹ് കീന്‍ യൂ, വനിതാ സിംഗിള്‍സില്‍ യമാഗുച്ചി അകാനെ, പുരുഷ ഡബിള്‍സ് ജോഡിയായ ഹോക്കി തകുറോ-കൊബയാഷി യുഗോ, വനിതാ ഡബിള്‍സ് ജോഡികളായ ചെന്‍ ക്വിംഗ് ചെന്‍-ജിയാ യി ഫാന്‍ എന്നിവരും കിരീടങ്ങള്‍ നിലനിര്‍ത്താന്‍ തിരിച്ചെത്തി. മിക്‌സഡ് ഡബിള്‍സ് ജോഡികളായ ദെചാപോള്‍ പുവാവരനുക്രോയും സപ്‌സിരി തേരട്ടനാച്ചായിയും തങ്ങളുടെ കിരീടങ്ങള്‍ നിലനിര്‍ത്താന്‍ തിരിച്ചെത്തി.

ആഗോള കോവിഡ് പാന്‍ഡെമിക്കിന് ശേഷം ആദ്യമായാണ് എല്ലാ പ്രമുഖരും ഒരേ ടൂര്‍ണമെന്റില്‍ കോര്‍ട്ടിലെത്തുന്നത്. ഒളിമ്പിക് ചാമ്പ്യന്‍ വിക്ടര്‍ ആക്‌സെല്‍സെന്‍ 2017-ല്‍ നേടിയ കിരീടം തിരിച്ചുപിടിക്കാന്‍ ശ്രമിക്കും. വനിതാ സിംഗിള്‍സില്‍ റിയോ 2016 ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവ് കരോലിന മാരിന്‍ ചരിത്രപരമായ നാലാം തവണയും കിരീടം നേടാന്‍ ശ്രമിക്കും.

ഓഗസ്റ്റ് 22, ഓഗസ്റ്റ് 23 തിയതികളില്‍ ആദ്യ റൗണ്ട് മത്സരങ്ങളോടെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കും. തുടര്‍ന്ന് രണ്ടും മൂന്നും റൗണ്ടുകള്‍ നടക്കും. ഓഗസ്റ്റ് 25, 26 തിയതികളിലാണ് ക്വാര്‍ട്ടര്‍ ഫൈനല്‍. 27ന് സെമിഫൈനലും നടക്കും. ഓഗസ്റ്റ് 28 ഞായറാഴ്ചയാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ കലാശക്കൊട്ട്.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയില്‍ നിന്നുള്ള 6 സിംഗിള്‍സ് കളിക്കാരും 10 ഡബിള്‍സ് ജോഡികളുമടക്കം 112 സിംഗിള്‍സ് താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. 64 പുരുഷന്മാരും 48 സ്ത്രീകളും, കൂടാതെ ലോകമെമ്പാടുമുള്ള 144 ഡബിള്‍സ് ടീമുകളും പങ്കെടുക്കും. 2021 വെള്ളി മെഡല്‍ ജേതാവ് കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്‍, സൈന നെഹ്‌വാള്‍, എച്ച്‌എസ് പ്രണോയ് എന്നിവരിലാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ.

Related Articles

Back to top button