Kozhikode

മനയത്ത് ചന്ദ്രന്‍ നിയമസഭയില്‍ ഉണ്ടാവണമെന്ന് പിണറായി

“Manju”

വി.എം.സുരേഷ്കുമാർ

വടകര: വികസിത രാഷ്ട്രത്തിന്റെ തലത്തിലേക്ക് കേരളത്തെ ഉയര്‍ത്താനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നതെന്നും നവകേരളത്തിനു വേണ്ടിയുള്ള പരിശ്രമത്തില്‍ എല്‍ഡിഎഫ് പ്രതിനിധിയായി വടകരയില്‍ നിന്നു മനയത്ത് ചന്ദ്രന്‍ നിയമസഭയില്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

വടകരയില്‍ എല്‍ഡിഎഫ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു പിണറായി. എല്ലാ കാലത്തും രാഷ്ട്രീയശ്രദ്ധ ആകര്‍ഷിച്ച മണ്ഡലമാണ് വടകര. ഇപ്പോഴും ചില കളികളും കണക്കുകൂട്ടലുമായി ചിലര്‍ നടക്കുകയാണ്. അതൊന്നും ചെലവാകില്ലെന്നും വടകര എന്നും ഇടതു മണ്ഡലമായി തുടരുമെന്നും പിണറായി പറഞ്ഞു.
ഫാസിസ്റ്റ് ശക്തികളോട് സന്ധി ചെയ്യുന്ന നിലപാടാണ് കേരളത്തില്‍ ചിലര്‍ സ്വീകരിക്കുന്നത്. പൗരത്വബില്‍ നടപ്പാക്കില്ലെന്നു നിയമസഭ പ്രമേയം പാസാക്കിയ നാടാണ് നമ്മുടേത്. എന്നാല്‍, പ്രമേയത്തെ പിന്താങ്ങിയ ആള്‍ മത്സരിക്കുമ്പോള്‍ മറ്റൊന്നാണ് പറയുന്നത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട അപേക്ഷ പൂരിപ്പിക്കാന്‍ വേണ്ടത് ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. ഈ പിന്മാറ്റം ഗൗരവമായി കാണേണ്ടതാണ്. നാലു വോട്ട് പോരട്ടെ എന്ന അവസരവാദ നിലപാടാണ് യുഡിഎഫ് നേതൃത്വത്തിന്റേത്. അഴിഞ്ഞാടാന്‍ അവസരം കിട്ടിയാല്‍ ഫാസിസം രൗദ്രഭാവം പ്രകടിപ്പിക്കും. തല്‍ക്കാലം കുറച്ച് വോട്ടിനു വേണ്ടി ഫാസിസ്റ്റ് ശക്തികളെ താലോലിക്കാന്‍ ശ്രമിക്കുന്നവര്‍ നാടിന്റെ പാരമ്പര്യത്തെയാണ് നശിപ്പിക്കുന്നത്. ഇതിലൂടെ എല്‍ഡിഎഫിനെ നേരിടാനാവുമോ എന്നാണ് ഇവര്‍ നോക്കുന്നത്.
പ്രചാരണത്തിന്റെ അവാസന വേളയില്‍ നുണകളുടെ പ്രവാഹമായിരിക്കുമെന്നു പിണറായി മുന്നറിയിപ്പു നല്‍കി. പടച്ചുവിടുന്ന നുണകള്‍ക്ക് ആയുസ് യഥാര്‍ഥ വിവരം പുറത്തുവരുന്നത് വരേയുള്ളൂ. ഇതിനായി ജാഗ്രത പാലിക്കണമെന്നും പിണറായി പറഞ്ഞു.
സി.കെ.നാണു എംഎല്‍എ അധ്യക്ഷത വഹിച്ചു. പി.സതീദേവി, മനയത്ത് ചന്ദ്രന്‍, സി.ഭാസ്‌കരന്‍, ആര്‍.സത്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button