KeralaLatest

എരഞ്ഞോളി പുതിയ പാലം ഉദ്ഘാടന സജ്ജമായി

“Manju”

കണ്ണൂര്‍: കെ എസ് ടി പി പദ്ധതിയിലുള്‍പ്പെടുത്തി ലോകബാങ്ക് സഹായത്തോടെ നടപ്പിലാക്കിയ തലശ്ശേരി-വളവുപാറ റോഡിന്റെ ഭാഗമായ എരഞ്ഞോളി പുതിയ പാലം പ്രവൃത്തി പൂര്‍ത്തീകരിച്ച്‌ ഉദ്ഘാടന സജ്ജമായി. ഏതാനും മിനുക്കുപണികള്‍ മാത്രമാണ് അവശേഷിക്കുന്നത്. 94 മീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയുമുള്ള പാലം 15.20 കോടി രൂപ ചിലവാക്കിയാണ് നിര്‍മ്മിച്ചത്.

എരഞ്ഞോളി പാലം ഒഴികെയുള്ള റോഡ് നിര്‍മാണം കഴിഞ്ഞ വര്‍ഷം ജനുവരി 31 ഓടെ പൂര്‍ത്തീകരിച്ചു. 2016 ല്‍ നിര്‍മാണ ഘട്ടത്തില്‍, എരഞ്ഞോളി പാലത്തിന് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ലംബമായ ഉയരം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചു. ഇന്‍ലാന്‍ഡ് നാവിഗേഷന്റെ മാനദണ്ഡങ്ങള്‍ സ്ഥിരീകരിക്കുന്ന അഞ്ച് മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് ഉള്‍പ്പെടുത്തുന്നതിനായി രൂപരേഖയും അധിക ഭൂമി ഏറ്റെടുക്കലും പരിഷ്‌കരിച്ചു. ഭൂമി ഏറ്റെടുക്കല്‍ 2021 ജനുവരിയില്‍ പൂര്‍ത്തിയായി.

നടപ്പാത, ആവശ്യമായ റോഡ് മാര്‍ക്കിങ്, റോഡ് സ്റ്റഡ്‌സ്, സൈന്‍ബോര്‍ഡുകള്‍, സോളാര്‍ തെരുവ് വിളക്ക് മുതലായവ ഉണ്ടാകും. ഇതോടൊപ്പം പാലത്തിന്റെ രണ്ടു വശത്തായി 12 മീറ്റര്‍ നീളവും, 12 മീറ്റര്‍ വീതിയും ഉള്ള ഓരോ വെഹിക്കിള്‍ അണ്ടര്‍ പാസ് നിര്‍മിച്ചിട്ടുണ്ട്. ഉയരം കൂടിയത് കാരണം ഗാബിയോണ്‍ പ്രൊട്ടക്ഷന്‍ വാളോടു കൂടിയ അപ്രോച്ച്‌ റോഡ് 570 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ചിട്ടുണ്ട്. മറ്റ് അപ്രോച്ച്‌ റോഡുകളിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി പാലത്തിനു സമാന്തരമായി സര്‍വീസ് റോഡ് നിര്‍മ്മിച്ചിട്ടുണ്ട്.‌

കെഎസ്ടിപി പദ്ധതിയില്‍ നവീകരിക്കുന്ന വളവുപാറ റോഡിന്റെ ഭാഗമായാണ് ജീര്‍ണാവസ്ഥയിലുള്ള പഴയ എരഞ്ഞോളി പാലത്തിന് പകരം പുതിയത് നിര്‍മ്മിച്ചത്. പാലം പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, എ.എന്‍ ഷംസീര്‍ എം.എല്‍.എക്കൊപ്പം 2021 ഒക്ടോബറില്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രവൃത്തി വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കുകയുണ്ടായി. അഹമ്മദാബാദിലെ ദിനേഷ് ചന്ദ്ര ആര്‍ അഗര്‍വാള്‍ ഇന്‍ഫ്രാകോണ്‍ പ്രൈവറ്റ് ലിമിറ്റഡ് അഹമ്മദാബാദ് ആണ് കരാറുകാര്‍. എഗിസ് ഇന്ത്യ കണ്‍സള്‍ട്ടിംഗ് എന്‍ജിനിയേഴ്‌സ് ഇന്ത്യ വ്രൈറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മേല്‍നോട്ട ചുമതല നിര്‍വ്വഹിച്ചിരിക്കുന്നത്.

Related Articles

Back to top button