India

കൊവിഡ് കണ്ടുപിടിക്കാൻ പുതിയ പരിശോധനയ്ക്ക് അംഗീകാരം

“Manju”

ന്യൂഡൽഹി: കൊറോണ പരിശോധന വേഗത്തിലാക്കാനായി വികസിപ്പിച്ചെടുത്ത സലൈൻ ഗാർഗിൾ ആർടിപിസിആർ ടെസ്റ്റിന് ഐസിഎംആറിന്റെ അംഗീകാരം. കൗൺസിൽ ഓഫ് സയന്റിഫിക് റിസർച്ചിന്റെ കീഴിൽ നാഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ എൻവയോൺമെന്റൽ എൻജിനീയറിങ് ഇൻസ്റ്റിറ്റിയൂട്ടാണ്(എൻഇഇആർഐ) പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. മൂന്ന് മണിക്കൂറിനകം പരിശോധന ഫലം അറിയാം എന്നതാണ് ഇതിന്റെ പ്രത്യേകത.

സലൈൻ ലായനി നിറച്ച കളക്ഷൻ ട്യൂബാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ സലൈൻ ലായനി വായിലൊഴിച്ച് കുലുക്കിക്കൊണ്ടതിന് ശേഷം ഇതേ ട്യൂബിലേക്ക് തന്നെ ശേഖരിക്കും. തുടർന്ന് ട്യൂബ് ലാബിലെത്തിച്ച് സാധാരണ താപനിലയിൽ ഗവേഷകർ തയ്യാറാക്കിയ പ്രത്യേക ലായനിയിൽ സൂക്ഷിക്കും. ഇത്തരത്തിൽ അരമണിക്കൂർ സൂക്ഷിച്ച ശേഷം ആറ് മിനിറ്റ് നേരം 98 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കും. ഇതുവഴി വേർതിരിച്ചെടുക്കുന്ന ആർഎൻഐ ആണ് ആർടിപിസിആർ പരിശോധനയ്ക്ക് അയക്കുന്നത്.

നിലവിലുള്ള ആർടിപിസിആർ പരിശോധനയെക്കാൾ എളുപ്പവും ചെലവ് കുറഞ്ഞതും പെട്ടന്നു തന്നെ ഫലം ലഭിക്കുന്നതുമാണ് പുതിയ രീതിയെന്ന് എൻഇഇആർഐ സീനിയർ സയന്റിസ്റ്റ് ഡോ. കൃഷ്ണ ഖയിനാർ പറഞ്ഞു. രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ നേരിട്ടു തന്നെ സാംപിൾ ശേഖരിക്കാനാകും എന്നത് ടെസ്റ്റിന്റെ മറ്റൊരു പ്രത്യേകതയാണ്. മൂന്ന് മണിക്കൂറിൽ ഫലം അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button