IndiaLatest

ഇന്ത്യ-ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച്‌ ദ്രാവിഡ്

“Manju”

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ 3-2ന് ഇന്ത്യ വിജയിക്കാനുള്ള സാധ്യത പ്രവചിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റിലെ ‘വന്‍ മതില്‍’ രാഹുല്‍ ദ്രാവിഡ്. 2007ലെ വിജയത്തിന് ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യക്ക് ജയിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇതെന്നും ദ്രാവിഡ് പറഞ്ഞു. ഇംഗ്ലണ്ട് മണ്ണില്‍ അവസാനമായി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റനാണ് രാഹുല്‍ ദ്രാവിഡ്.

“ഇന്ത്യക്ക് ഈ തവണ വലിയ സാധ്യത ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്” കോവിഡ് ബാധിച്ചവരെ സഹായിക്കാനായി പ്രവര്‍ത്തിക്കുന്ന ലൈവ് എയ്ഡ് ഇന്ത്യ നടത്തിയ വെബ്ബിനാറില്‍ രാഹുല്‍ പറഞ്ഞതായി ഇഎസ്പിഎന്‍ ക്രീക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. രവിചന്ദ്രന്‍ അശ്വിന്‍ – ബെന്‍ സ്റ്റോക്സ് തമ്മിലുള്ള മത്സരം പരമ്പരയിലെ രസകരമായ ഒന്നാകുമെന്നും നാഷണല്‍ ക്രിക്കറ്റ് അക്കാദമിക്ക് ഇപ്പോള്‍ നേതൃത്വം നല്‍കുന്ന രാഹുല്‍ ദ്രാവിഡ് പറഞ്ഞു. “ഇംഗ്ലണ്ടിന്റെ ബോളിങ് നിരയെ കുറിച്ച്‌ യാതൊരു സംശയങ്ങളുമില്ല. അവര്‍ ഏത് ബോളിങ് നിരയെ ഇറക്കിയാലും, പ്രത്യേകിച്ച്‌ അവരുടെ ഫാസ്റ്റ് ബോളര്‍മാര്‍, അവരുടെ പ്രകടനം ഗംഭീരമായിരിക്കും. അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ നിരവധി കളിക്കാരുണ്ട്. അത് ഒരു പ്രശ്‌നമായേക്കും.”

“അവരുടെ ബാറ്റിങ് നിരയിലെ ആദ്യ ആറോ ഏഴോ പേരെ എടുത്താല്‍ അതില്‍ നിങ്ങള്‍ക്ക് ഒരു വലിയ ബാറ്റ്സ്മാനെ കാണാന്‍ സാധിക്കും. ജോ റൂട്ടിനെ പോലെ ഒരു ലോകോത്തര താരം അതിലുണ്ട്. തീര്‍ച്ചയായും, അടുത്തത് ബെന്‍ സ്റ്റോക്സ് ആണ്. അദ്ദേഹം മികച്ച ഓള്‍റൗണ്ടര്‍ കൂടിയാണ്. പക്ഷെ അശ്വിന്‍ പല സന്ദര്‍ഭങ്ങളിലും സ്റ്റോക്സിനെതിരെ നന്നായി കളിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലെ ഏറ്റുമുട്ടല്‍ രസകരമായ ഒന്നായിരിക്കും. സ്റ്റോക്സ് ഇന്ത്യക്ക് എതിരെ ഇന്ത്യയില്‍ നന്നായി കളിച്ചിട്ടുണ്ട് എന്നാലും ഇവരുടെ പോരാട്ടം ഈ പരമ്പരയിലെ പ്രധാനപ്പെട്ട ഒന്നായിരിക്കും.”

“ഓസ്‌ട്രേലിയക്ക് എതിരെയും ഇംഗ്ലണ്ടിനെതിരെ ഇന്ത്യയിലും മികച്ച കളി പുറത്തെടുത്ത ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ ജയിക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തും. ഇന്ത്യ നന്നായി ഒരുങ്ങിയിട്ടുണ്ട് എന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയയിലെ വിജയം ടീമിലെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനു മുന്‍പ് ഇംഗ്ലണ്ടില്‍ കളിച്ചിട്ടുള്ളവര്‍ ടീമിലുണ്ട്. ഈ പ്രാവശ്യം ബാറ്റിങ് നിരയില്‍ അനുഭവ സമ്ബത്തുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു മികച്ച അവസരമാണ്, ചിലപ്പോള്‍ 3-2ന് ഇന്ത്യ പരമ്ബര സ്വന്തമാക്കും.” ദ്രാവിഡ് പറഞ്ഞു.

Related Articles

Back to top button