KeralaLatest

കൊവിഡ് തീവ്ര വ്യാപനം ജാഗ്രതയോടെ കാണണം

“Manju”

കണ്ണൂര്‍: കൊവിഡ് തീവ്ര വ്യാപനം വലിയ അപകടഘട്ടത്തിലേക്ക് നീങ്ങുമെന്ന് കണ്ട് ആരോഗ്യ സംവിധാനങ്ങളും ജനങ്ങളും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലയിലെ കൊവിഡ് സ്ഥിതിവിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ഡ്തലം മുതലുള്ള ജാഗ്രത സമിതികളെ പുനരുജ്ജീവിപ്പിച്ച്‌ ജനകീയ ഇടപെടല്‍ വീണ്ടും സജീവമാക്കണം. സംസ്ഥാന തലത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം. ജില്ലയിലും രോഗവ്യാപനം തീവ്രമാണ്. കേസുകള്‍ 20,000 വരെ എത്തിയേക്കാമെന്ന നിഗമനത്തില്‍ ആവശ്യമായ സജ്ജീകരണങ്ങളും പ്ലാനും ഉണ്ടാക്കണം. ഇതോടൊപ്പം രോഗവ്യാപനത്തിന്റെ അപകടാവസ്ഥയെക്കുറിച്ച്‌ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണവും നല്‍കേണ്ടതുണ്ട്. രോഗം വ്യാപിച്ചാലും വലിയ പ്രശ്‌നമില്ല എന്ന മനോഭാവം പലര്‍ക്കുമുണ്ട്. രോഗമുണ്ടാകുന്ന വരില്‍ കൂടുതല്‍ പേര്‍ക്കും വലിയ ഗുരുതരാവസ്ഥ ഇല്ല. എന്നാല്‍ അതുകൊണ്ട് ഇത് ഗൗരവമല്ല എന്ന ചിന്ത പാടില്ല. ഇപ്പോഴും രോഗം കാരണം മരണം ഉണ്ടാകുന്നത് മനസ്സിലാക്കണം.

രോഗബാധിതരില്‍ ചികിത്സ ആവശ്യമായവര്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കാന്‍ കഴിയണം. അതിനാല്‍ ചികിത്സക്കും പരിശോധനക്കു മുള്ള സംവിധാനങ്ങളും സജ്ജീകരണങ്ങളും കൂടുതലായി സജ്ജമാക്കി വെക്കണം. കൊവിഡ് പരിശോധനക്ക് മലയോര മേഖലയിലടക്കം കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഇതിനാവശ്യമായ നടപടി സ്വീകരിക്കണം. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്താന്‍ ആവശ്യമായ കാര്യങ്ങള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ആവശ്യമാകുന്ന ഘട്ടത്തില്‍ കൂടുതല്‍ ജീവനക്കാരെയും ഡോക്ടര്‍മാരെയും നിയോഗിക്കാനുള്ള പ്ലാനും തയ്യാറാക്കണം.

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. എഫ് എല്‍ടിസി, സി എല്‍ടിസി കള്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പും വേണം. ഇക്കാര്യങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങളും പ്ലാനും തയ്യാറാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെയും ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്‌ട് മാനേജറെയും മന്ത്രി ചുമതലപ്പെടുത്തി. വിവിധ ആശുപത്രികളിലെ ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും ഒഴിവുകള്‍ നികത്തണമെന്ന് എം എല്‍ എ മാരും മറ്റ് ജനപ്രതിനിധികളും ആവശ്യപ്പെട്ടു. കൊവിഡ് ബ്രിഗേഡിനെ വീണ്ടും നിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തിലുണ്ടാകുന്ന തീരുമാനങ്ങള്‍ക്ക് അനുസരിച്ച്‌ നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

Related Articles

Back to top button