KeralaLatest

മധു കൊലക്കേസ്; സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ തള്ളി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

“Manju”

പാലക്കാട്: അട്ടപ്പാടി മധു കൊലപാതകക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ആരോപണങ്ങൾ തള്ളി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ. ഡിജിറ്റൽ തെളിവുകൾ കൈമാറുന്നതിൽ പോലീസ് വരുത്തിയ വീഴ്ചയാണ് വിചാരണ നീളാൻ കാരണമെന്ന വിമർശനം അടിസ്ഥാനരഹിതമാണെന്നാണ് ഡിജിപി പറഞ്ഞത്. മാത്രമല്ല കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി വി ടി രഘുനാഥ് തുടരില്ലെന്നും ഡിജിപി അറിയിച്ചു. മധുവിന്റെ ബന്ധുക്കളും, ആക്ഷൻ കൗൺസിലും നിർദ്ദേശിക്കുന്ന അഭിഭാഷകനെ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറാക്കുമെന്നും ഡി ജിപി വ്യക്തമാക്കി.

കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. കൂടാതെ, കേസിൽ പബ്ലിക് പ്രോസിക്യൂട്ടര്‍ വലിയ അലംഭാവം കാണിക്കുന്നതായും, കേസ് അട്ടിമറിക്കാൻ  സമ്മർദ്ദം ഉള്ളതായും മധുവിന്റെ കുടുംബം ആരോപിക്കുന്നു.  അതേസമയം, കേസിലെ പ്രധാന സാക്ഷിക്ക് രണ്ടു ലക്ഷം രൂപ വാഗ്ദാനം നൽകി കേസ് അട്ടിമറിക്കാൻ ശ്രമം നടന്നതായി മധുവിന്റെ സഹോദരി സരസു വെളിപ്പെടുത്തിയിരുന്നു.

2018 ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച മധുവിന്റെ കൊലപാതകം നടന്നത്. അട്ടപ്പാടിയിലെ വനവാസി യുവാവ് മധുവാണ് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ആൾക്കൂട്ടം കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചിരിച്ചതോടെ കേരളത്തിൽ വൻ പ്രതിഷേധങ്ങളാണ് ഉയർന്നത്.

Related Articles

Back to top button