IndiaLatest

ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8- 8.5 ശതമാനമാകുമെന്ന് സാമ്പത്തിക സര്‍വ്വേ

“Manju”

ന്യൂഡല്‍ഹി : അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 8-8.5 ശതമാനമാകുമെന്ന് സാമ്പത്തിക സര്‍വ്വേ. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇത് 9.2 ശതമാനമാണ്. ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വെച്ച സാമ്പത്തിക സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വാക്‌സിനേഷന്‍ പ്രോഗ്രാം ജനസംഖ്യയുടെ ഭൂരിഭാഗം പേരിലേക്കും എത്തിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ 8.0-8.5 ശതമാനം ജിഡിപി വളര്‍ച്ച ഉണ്ടാകുക എന്നത് ചെറിയ കാര്യമല്ല. മഹാമാരിക്ക് മുമ്പുള്ള നിലയെ മറികടക്കാനായി എന്നതാണ് ഈ വളര്‍ച്ച വ്യക്തമാക്കുന്നത്. മഹാമാരിയുടെ വീണ്ടുമൊരു ആഘാതം അടുത്ത വര്‍ഷത്തെ സമ്പദ്ഘടനയെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

കാര്‍ഷിക മേഖലയില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 3.9 ശതമാനമാണ്. വ്യവസായിക മേഖലയിലെ വളര്‍ച്ച 11.8 ശതമാനവും സേവന മേഖലയിലെ വളര്‍ച്ച 8.2 ശതമാനവുമാകും. കയറ്റുമതി 16.5 ശതമാനം വളര്‍ച്ച നേടുമെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ വിപണിയിലെ പണലഭ്യത കുറക്കാനുള്ള കേന്ദ്ര ബാങ്കുകളുടെ നീക്കങ്ങള്‍, ക്രൂഡോയില്‍ വില ബാരലിന് 70-75 ഡോളര്‍ നിലവാരത്തില്‍ തുടരുമെന്ന പ്രതീക്ഷ തുടങ്ങിയവ കണക്കിലെടുത്താണ് ഈ അനുമാനമെന്നും സര്‍വ്വേയില്‍ പറയുന്നു.

എന്നാല്‍ ആഗോള സാഹചര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. മൂന്നാം തരംഗമായി ഒമിക്രോണ്‍ ലോകമെമ്പാടും വ്യാപിക്കുകയാണ്. മിക്ക രാജ്യങ്ങളിലും പണപ്പെരുപ്പം കുതിച്ചുയരുകയാണ്. നിലവിലെ സാമ്പത്തിക സൂചികകള്‍ പ്രകാരം ഏതൊരു വെല്ലുവിളിയും ഏറ്റെടുക്കാന്‍ രാജ്യത്ത സമ്പദ്ഘടന സജ്ജമാണെന്നും സാമ്പത്തിക സര്‍വ്വേയില്‍ പറയുന്നു.

 

Related Articles

Back to top button