KeralaLatest

ശ്വാനസേനയ്ക്ക് കരുത്തേകാന്‍‍ 23 നായ്ക്കള്‍; പാസ്സിംഗ്‌ ഔട്ട് നാളെ

“Manju”

തൃശൂര്‍: കേരള പോലീസിന്റെ കെ 9 ഡോഗ് സ്ക്വാഡിന് കരുത്തേകാന്‍ പുതിയ 23 നായ്ക്കുട്ടികള്‍. ബെല്‍ജിയം മാലിനോയ്‌സ്‌, ജര്‍മന്‍ ഷെപേഡ്‌, ഗോള്‍ഡന്‍ റിട്രീവര്‍, ഡോബര്‍മാന്‍, ലാബ്രഡോര്‍ ഇനങ്ങളില്‍പ്പെട്ട നായ്‌ക്കളാണ്‌ സേനയുടെ പന്ത്രണ്ടാം ബാച്ചായി കര്‍മ്മനിരതരാകുന്നത്.

ഫെബ്രുവരി 10ന് രാവിലെ 10ന് തൃശൂര്‍ രാമവര്‍മപുരം പൊലീസ്‌ അക്കാദമിയില്‍ നടക്കുന്ന പാസിങ്‌ ഔട്ട്‌ പരേഡില്‍ ഡിജിപി അനില്‍കാന്ത്‌ അഭിവാദ്യം സ്വീകരിക്കും. നായ്‌ക്കളുടെ 46 ഹാന്‍ഡ്‌ലര്‍മാരും സേനയുടെ ഭാഗമാകും. എഡിജിപി (പരിശീലനം) ആന്റ് ഡയറക്ടര്‍ കേരള പോലീസ് അക്കാദമി ബല്‍റാം കുമാര്‍ ഉപാധ്യായ, ഐജിപി (പരിശീലനം) സേതുരാമന്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.

സംസ്ഥാന ഡോഗ് ട്രെയിനിംഗ് സ്‌കൂളിലെ 12-ാം ബാച്ചിലെ 23 നായ്ക്കളുടെയും അവയുടെ 46 ഹാന്‍ഡ്‌ലര്‍മാരുടെയും പരിശീലനം 2021 മാര്‍ച്ച്‌ 19നാണ് ആരംഭിച്ചത്. 16 ബെല്‍ജിയന്‍ മിലിയോണിസ് നായ്ക്കള്‍, നാല് ജര്‍മ്മന്‍ ഷെപ്പേഡുകള്‍, ഒരു ഗോള്‍ഡന്‍ റിട്രീവര്‍ നായ, ഒരു ഡോബര്‍മാന്‍, ഒരു ലാബ്രഡോര്‍ നായ എന്നിവയടങ്ങുന്നതാണ് 12-ാം ബാച്ച്‌. ഒന്‍പതു മാസത്തെ തീവ്രപരിശീലനം കഴിഞ്ഞാണ്‌ 12 ആണും 11 പെണ്ണും അടങ്ങുന്ന ഈ ശ്വാന വീരന്മാര്‍ ഡ്യൂട്ടിക്ക്‌ കയറുന്നത്‌.

ആദ്യഘട്ടത്തില്‍ 23 പേര്‍ക്കും ഒരുമിച്ചായിരുന്നു പരിശീലനം. തുടര്‍ന്ന്‌ പ്രത്യേക വിഭാഗമായി തിരിച്ചു. 14 നായ്‌ക്കള്‍ക്ക്‌ സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെത്തുന്നതിനും, അഞ്ചു നായ്‌ക്കള്‍ക്ക്‌ കുറ്റകൃത്യസ്ഥലങ്ങളില്‍നിന്ന്‌ തെളിവ്‌ ശേഖരിക്കുന്നതിനും പരിശീലനം നല്‍കി. മൂന്ന്‌ നായ്‌ക്കള്‍ക്ക്‌ നിരോധിത മയക്കുമരുന്ന്‌ കണ്ടെത്തുന്നതിനും, ഒരു നായക്ക്‌ പ്രകൃതി ദുരന്തപ്രദേശങ്ങളില്‍നിന്ന്‌ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള (കവാഡര്‍) പ്രത്യേക പരിശീലനവുമാണ്‌ നല്‍കിയത്‌.

പരിശീലനം പൂര്‍ത്തിയാകുമ്പോള്‍, സ്‌ഫോടകവസ്‌തുക്കള്‍ കണ്ടെത്തുന്നതിനുള്ള പരിശീലനം ലഭിച്ച നായ്‌ക്കളില്‍ രണ്ടെണ്ണം ആലപ്പുഴ കെ–9 സ്‌ക്വാഡിലേക്കും, ഓരോ നായ്‌ക്കളെ വീതം തിരുവനന്തപുരം സിറ്റി, റൂറല്‍, തൃശൂര്‍ സിറ്റി, റൂറല്‍, കോഴിക്കോട്‌ സിറ്റി, റൂറല്‍, കണ്ണൂര്‍ സിറ്റി, റൂറല്‍, കൊല്ലം സിറ്റി, എറണാകുളം റൂറല്‍, കോട്ടയം എന്നീ കെ–9 സ്‌ക്വാഡുകളിലേക്കും കൈമാറും.

ട്രാക്കര്‍ വിഭാഗത്തില്‍ പരിശീലനം ലഭിച്ച അഞ്ച് നായ്ക്കളെ കൊച്ചി സിറ്റി, പാലക്കാട്, കണ്ണൂര്‍ റൂറല്‍, ഇടുക്കി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളില്‍ ഒന്ന് വീതവും നാര്‍ക്കോട്ടിക് ഡിറ്റക്ഷന്‍ വിഭാഗത്തില്‍ പരിശീലനം ലഭിച്ച മൂന്ന് നായ്ക്കളെ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കണ്ണൂര്‍ റൂറല്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും കഡാവര്‍ ഡിറ്റക്ഷന്‍ വിഭാഗത്തില്‍ പരിശീലനം ലഭിച്ച നായയെ ഇടുക്കി കെ-9 സ്ക്വാഡിനും അനുവദിക്കും.

 

Related Articles

Back to top button