InternationalLatest

യുക്രെയ്‌നെ ആക്രമിച്ചാല്‍ റഷ്യയ്‌ക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ജി7 രാജ്യങ്ങൾ

“Manju”

മോസ്‌കോ: യുക്രെയ്‌നില്‍ യുദ്ധമുണ്ടാകുന്നത് തടയാനുള്ള നയതന്ത്ര നീക്കങ്ങള്‍ വീണ്ടും പരാജയപ്പെട്ടു. അതേസമയം യുക്രെയ്‌നില്‍ ഏത് തരത്തിലുള്ള ആക്രമണം നടത്തിയാലും റഷ്യയ്‌ക്കെതിരെ അടുത്ത നിമിഷം തന്നെ വലിയ തോതിലുള്ള സാമ്ബത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ജി7 രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. യുക്രെയ്‌ന് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കുമെന്നും ജി7 രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തെ ഭയക്കുന്നില്ലെന്നാണ് റഷ്യയുടെ നിലപാട്.
യുക്രെയ്‌ന്റെ മൂന്ന് വശത്തുമായി ഒരു ലക്ഷത്തിലേറെ സൈനികരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. ബെലാറൂസ് അതിര്‍ത്തിയില്‍ സൈനികാഭ്യാസവും കരിങ്കടലില്‍ നാവികാഭ്യാസവും റഷ്യ തുടരുന്നുണ്ട്. നാറ്റോയില്‍ ചേരില്ലെന്ന് യുക്രെയ്ന്‍ പരസ്യമായി സമ്മതിച്ചാല്‍ റഷ്യയുടെ ആശങ്ക പരിഹരിക്കുന്നതിന് മതിയായ നടപടിയാകുമെന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞിരുന്നു. യുക്രെയ്‌ന് ആയുധ സഹായവും സൈനിക പരിശീലനവും നല്‍കുന്നത് തങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും റഷ്യ വാദിക്കുന്നു.
അതേസമയം ബുധനാഴ്ച റഷ്യ തങ്ങളെ ആക്രമിച്ചേക്കുമെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യുദ്ധ മുന്നറിയിപ്പിനെ തുടര്‍ന്ന് 12ഓളം രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ യുക്രെയ്‌നില്‍ നിന്ന് പിന്‍വലിച്ചു തുടങ്ങിയിട്ടുണ്ട്. വ്യോമാക്രമണത്തിലൂടെ റഷ്യ യുക്രെയ്ന്‍ ആക്രമണത്തിന് തുടക്കം കുറിച്ചേക്കാമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നത്.

Related Articles

Back to top button