KeralaLatest

വയോജന പാര്‍ക്കുകളും ക്ലബ്ബുകളും എല്ലാ ജില്ലകളിലും സ്ഥാപിക്കും

“Manju”

തൃശൂര്‍: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും വയോജന പാര്‍ക്കുകളും വയോജന ക്ലബ്ബുകളും സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. വയോജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കൗണ്‍സലിങ്ങിലൂടെയും കൂടിയാലോചനകളിലൂടെയും മറ്റും മനസ്സിലാക്കി അതിനനുസരിച്ച്‌ പരിഹാര മാര്‍ഗങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യനീതി ദിനത്തില്‍ രാമവര്‍മ്മപുരം വൃദ്ധസദനം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

വൃദ്ധജനങ്ങള്‍ക്ക് എല്ലാവിധ പരിഗണനയും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പാര്‍ശ്വവല്‍കരിക്കപ്പട്ട വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് അവരുടെ ജീവിതം സുരക്ഷിതവും ഭദ്രവുമാക്കുന്നിനുള്ള സഹായ പദ്ധതികളും, വികസന പ്രവര്‍ത്തനങ്ങളും സാമൂഹ്യനീതി വകുപ്പിലൂടെ നടപ്പിലാക്കി വരുന്നുണ്ട്. വയോജനങ്ങള്‍ക്കായി കോള്‍ സെന്റര്‍ സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ ആരംഭിച്ചിട്ടുണ്ട്.
എല്ലാ ജില്ലകളിലെയും റവന്യൂ ഡിവിഷനുകള്‍ക്ക് കീഴില്‍ അദാലത്ത് സംഘടിപ്പിച്ചു വരികയാണ്. മെയിന്റനന്‍സ് ട്രിബ്യൂണലുകള്‍ എല്ലാ ഡിവിഷനുകളിലും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.

വയോജനങ്ങള്‍ ഉള്‍പ്പെടെ സാമൂഹിക നീതി നിഷേധിക്കപ്പെടുന്ന എല്ലാവര്‍ക്കും എല്ലാ വിധത്തിലുമുള്ള പരിഗണന ഉറപ്പു വരുത്തുക ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ് എന്ന പ്രതിജ്ഞ പുതുക്കിയാണ് സാമൂഹ്യനീതി വകുപ്പ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി എച്ച്‌ അസ്ഗര്‍ ഷാ, വൃദ്ധസദനം സൂപ്രണ്ട് കെ ആര്‍ പ്രദീപന്‍ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Related Articles

Back to top button