IndiaLatest

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ച് പണി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നിൽകണ്ട്, പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി ഈ മാസം 15നകം കേന്ദ്രമന്ത്രിസഭ അഴിച്ചുപണിയും. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ ചുമതലകളിലും മാറ്റംവരും.

ജ്യോതിരാദിത്യ സിന്ധ്യയും വടക്കുകിഴക്കന്‍ എന്‍ഡിഎ കണ്‍വീനര്‍ ഹിമന്ത ബിസ്വ ശര്‍മയും മന്ത്രിസഭയിലെത്തും. ഇരുവരും കോണ്‍ഗ്രസില്‍നിന്ന് വന്നവരാണ്. സിന്ധ്യ മധ്യപ്രദേശില്‍ തുടരുന്നതിനോട് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് താല്‍പ്പര്യമില്ല. അസമില്‍ കോണ്‍ഗ്രസ് നിയമസഭകക്ഷി അപ്പാടെ പിളര്‍ത്തി ബിജെപിയെ അധികാരത്തിലേക്ക് നയിച്ചത് ശര്‍മയാണ്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരായ ഭൂപീന്ദര്‍ യാദവ്, അനില്‍ ജയിന്‍, അനില്‍ ബലൂണി എന്നിവരില്‍ ആരെങ്കിലും മന്ത്രിസഭയിലെത്തും.

മണിപ്പുരിൽനിന്ന് ലീഷെംബാ സനജ്വാബയെ മന്ത്രിസഭയില്‍ കൊണ്ടുവന്നേക്കും.

ബിജെപിക്ക് പുറത്തുള്ള ചിലർക്കും നറുക്ക് വീണേക്കാം. നിര്‍മല സീതാരാമനുപകരം ബാങ്കിങ് മേഖലയിലെ പ്രമുഖന്‍ ധനമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ച്‌ ജെഡിയുവിന് പ്രാതിനിധ്യം നല്‍കും. അസം, പശ്ചിമബംഗാള്‍, കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നതും പരിഗണനയില്‍വരും.നിലവില്‍ 57 മന്ത്രിമാരുണ്ട്. മുന്‍മന്ത്രിസഭയേക്കാള്‍ 13 പേര്‍ കുറവ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയും ആര്‍എസ്‌എസ് ചുമതലക്കാരുമായി ചര്‍ച്ച പൂര്‍ത്തിയാക്കി. ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാന ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിനെ ചുമതലയില്‍നിന്ന് നീക്കിയേക്കും. രാം മാധവിന്റെ സന്നദ്ധസംഘടനയുമായി ബന്ധമുള്ള ഒട്ടേറെപ്പേരെ വിവിധ സര്‍ക്കാര്‍ പദവികളില്‍ നിയമിച്ചതായി പരാതിയുണ്ട്. ജെ പി നഡ്ഡ അധ്യക്ഷനായശേഷം ദേശീയ ജനറല്‍സെക്രട്ടറിമാരുടെ പുനഃസംഘടന നടന്നിട്ടില്ല.

Related Articles

Back to top button