IndiaLatest

റൊമാനിയ, സ്ലൊവാക്യ പ്രധാനമന്ത്രിമാര്‍ക്ക് നന്ദി അറിയിച്ച്‌ നരേന്ദ്രമോദി

“Manju”

ഡല്‍ഹി ; റൊമാനിയയുടേയും സ്ലൊവാക്യയുടേയും പ്രധാനമന്ത്രിമാരെ വിളിച്ച്‌ നന്ദി അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ലൊവാക്യ, റൊമാനിയ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യ പ്രധാനമായും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സ്ലൊവാക്യയിലും റൊമാനിയയിലും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാരെ വിന്യസിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് അദ്ദേഹം ഈ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായി സംസാരിച്ചത്. യുക്രെയ്‌നില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാരെ അതിര്‍ത്തികള്‍ വഴി ഈ രാജ്യങ്ങളെത്തിയ ശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. സ്ലൊവാക്യയുടെ പ്രധാനമന്ത്രി എഡ്വേര്‍ഡ് ഹെഗറുമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സംസാരിച്ചത്. യുക്രെയ്‌നില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ സ്ലൊവാക്യ നല്‍കുന്ന സഹായങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. യുക്രെയ്‌നില്‍ നിന്ന് കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള സാഹചര്യത്തില്‍ വരും ദിവസങ്ങളിലും സ്ലൊവാക്യയുടെ സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് സ്ലൊവാക്യയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി എത്തിയിരിക്കുന്നത്.

റൊമാനിയയുടെ പ്രധാനമന്ത്രി നിക്കോളാ ഇയോണൽ സിയൂക്കയുമായും അദ്ദേഹം സംസാരിച്ചു. ഇന്ത്യൻ പൗരന്മാരെ റൊമാനിയയിലേക്ക് പ്രവേശിക്കാൻ അനുവദിച്ചതിനും ഇന്ത്യയുടെ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയതിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു. കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഇവിടേക്ക് എത്തിയിരിക്കുന്നത്. ഈ വിവരവും ഇയോണൽ സിയൂക്കയെ അറിയിച്ചിട്ടുണ്ട്. നിലവിൽ യുക്രെയ്‌നിൽ നടക്കുന്ന ആക്രമണങ്ങളിലും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. രാജ്യങ്ങളുടെ അഖണ്ഡതയേയും പരമാധികാരത്തേയും ബഹുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button