InternationalLatest

എഐ ഉപയോഗിച്ച്‌ മരിച്ചുപോയ അമ്മയുമായി സംസാരിച്ചു; വെളിപ്പെടുത്തലുമായി യുവതി

“Manju”

Malayalam News (മലയാളം വാർത്ത), Latest News in Malayalam, Kerala & Gulf  News Today - Oneindia Malayalam
ആർ‌ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് (എഐ) എന്നത് ഈ അടുത്ത കാലത്ത് കണ്ടുപിടിച്ചതില്‍ വെച്ച്‌ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ്. വർഷങ്ങള്‍ക്ക് മുമ്ബ് മനുഷ്യന് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ എഐയുടെ സഹായത്താല്‍ ആളുകള്‍ ചെയ്തുകൊണ്ട് ഇരിക്കുന്നത്. അക്ഷരാർ‌ത്ഥത്തില്‍ ആളുകളെ അത്ഭുതപ്പെടുത്തുന്ന കണ്ടുപിടുത്തമായിരുന്നു എഐയുടേത്.
ഇപ്പോഴിതാ ഒരു എഐ ടൂള്‍ ഉപയോഗിച്ച്‌ തന്റെ മരിച്ചുപോയ അമ്മയോട് സംസാരിച്ചു എന്ന അവകാശവാദവുമായി രംഗത്ത് വന്നിരിക്കുകയാണ് ജർമിനിയില്‍ നിന്നൊരു യുവതി. ബെർലിനിലെ സിരിൻ മലാസ് എന്ന യുവതിയാണ് ഈ അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. സ്കൈ ന്യൂസ് എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. അമ്മ മരിച്ചതിനെ തുടർന്ന് മാനസികമായി തളർന്ന അവസ്ഥയിലായിരുന്നു സിരിൻ. എന്നാല്‍ അമ്മയോട് സംസാരിച്ചതോടെ പ്രശ്നങ്ങളെല്ലാം ശരിയായെന്നും ഇവർ പറയുന്നു.
2018ല്‍ ആയിരുന്നു വൃക്ക തകരാർ മൂലം സിരിന്റെ അമ്മ മരണപ്പെടുന്നത്. ഇതിന് മുമ്ബ് 2015ല്‍ സിരിനും അമ്മയും തമ്മില്‍ വേർപിരിഞ്ഞിരുന്നു. സിറിയയില്‍ ആയിരുന്നു സിരിനും അമ്മയും താമസിച്ചിരുന്നത്. എന്നാല്‍ പിന്നീട് സിരിൻ ജർമ്മനിയിലേക്ക് കുടിയേറുകയായിരുന്നു. ഇതിന് ശേഷമാണ് അമ്മ മരണപ്പെടുന്നത്. തന്റെ കുഞ്ഞിനെ അമ്മയെ കാണിക്കാൻ സാധിച്ചില്ല എന്ന വിഷമത്തില്‍ സിരിൻ മാനസികമായി തകർന്നിരുന്നു. എന്നാല്‍ പുതിയ എഐ ടൂള്‍ വിഷാദത്തില്‍ നിന്ന് കരകയറാൻ സഹായിച്ചെന്നാണ് ഇവർ അവകാശപ്പെടുന്നത്.
പ്രൊജക്‌ട് ഡിസംബർ എന്ന എഐ ടൂള്‍ ഉപയോഗിച്ചാണ് താൻ മരിച്ചു പോയ തന്റെ അമ്മയുമായി സംസാരിച്ചത് എന്നാണ് സിരിൻ അവകാശപ്പെടുന്നത്. ഈ ടൂള്‍ ഓപ്പണ്‍ എഐയുടെ ജിപിടി 2വിന്റെ പിന്തുണയിലാണ് പ്രവർത്തിക്കുന്നത്. മരിച്ചവരുമായി ആശയവിനിമയം നടത്താൻ ഈ എഐ ടൂള്‍ ഉപയോക്താക്കളെ സഹായിക്കും എന്നാണ് പറയപ്പെടുന്നത്. മരിച്ച ആളുടെ പേര്, വയസ് തുടങ്ങിയ വിവരങ്ങള്‍ നല്‍കിയതിന് ശേഷം ആയിരിക്കും ഈ ടൂള്‍ ഉപയോഗിക്കാൻ സാധിക്കുക.
ഈ ടൂള്‍ വഴി മരിച്ചവരുമായി ആശയവിനിമയം നടത്താൻ ഒരു മണിക്കൂറിന് 10 ഡോളർ ആണ് ഈടാക്കുന്നത്. അതായത് ഇന്ത്യൻ വിപണിയിലെ ഏകദേശം 800 രൂപ. അമ്മ തന്നെ വിളിക്കാറുള്ള ചെല്ലപേര് ഉപയോഗിച്ചാണ് എഐ ചാറ്റ്ബോട്ട് തന്നെ അഭിസംബോധന ചെയ്തത് എന്ന് സിരിൻ പറഞ്ഞു. ഈ അനുഭവം വളരെ ഭയാനകവും വിചിത്രവും ആയിരുന്നു എന്നും ഇവർ കൂട്ടിച്ചേർത്തു. മരണ ശേഷവും അമ്മ തന്റെ കൂടെയുണ്ടെന്നും സിരിൻ വെളിപ്പെടുത്തി.
അതേ സമയം സംഭവത്തില്‍ പ്രതികരണവുമായി എഐ ചാറ്റ്ബോട്ടിന്റെ സ്ഥാപകനായ ജേസണ്‍ റോറർ രംഗത്ത് വന്നിട്ടുണ്ട്. ഇത് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മരിച്ചു പോയ പ്രിയപ്പെട്ടവരുമായി സംസാരിക്കുന്ന അനുഭവം നല്‍കാനാണ് പ്രൊജക്‌ട് ഡിസംബറിന് രൂപം നല്‍കിയത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. ഇതിനോടകം തന്നെ മുവ്വായിരത്തില്‍ അധികം ആളുകള്‍ ഈ എഐ സംവിധാനം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.
അതേ സമയം വളരെ യാഥാർത്ഥ്യമായി അമ്മയുമായി സംസാരിക്കുന്ന അനുഭവം തനിക്ക് ലഭിച്ചതായി സിരിൻ പറഞ്ഞു. കൃത്രിമമാണെങ്കിലും അമ്മയുടെ ആശ്വാസവാക്കുകള്‍ക്ക് പകരമായി ഈ ലോകത്ത് ഒന്നുമില്ല. ഇത്തരത്തില്‍ അമ്മയുമായി സംസാരിച്ചപ്പോള്‍ വല്ലത്ത ഒരു അനുഭവമാണ് തനിക്ക് ലഭിച്ചതെന്നും ഇത് മാനസീക പ്രശ്നങ്ങളില്‍ നിന്ന് കരകയറാൻ തന്നെ സഹായിച്ചെന്നും ലൈഫില്‍ ഇനി മുന്നോട്ട് പോകുമെന്നും സിരിൻ കൂട്ടിച്ചേർത്തു. അതേസമയം ഈ എഐ അമിതമായി ഉപയോഗിച്ചാല്‍ പല ദോഷങ്ങളുണ്ടാകുമെന്നും ഇവർ പറയുന്നു.
നിലവില്‍ ഇതിന് സമാനമായ നിരവധി എഐ സേവനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. 2022 നവമ്ബംർ മാസത്തോടെയാണ് എഐ സേവനങ്ങള്‍ ഏറെ ജനപ്രിയമായത്. ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിറ്റിയുടെ കടന്നു വരവാണ് എഐ സേവനങ്ങള്‍ ജനപ്രിയമാക്കാൻ സഹായിച്ചിത്. നിലവില്‍ ഗൂഗിള്‍, ആപ്പിള്‍, സാംസങ് എന്ന് തുടങ്ങി പ്രമുഖ ടെക് കമ്ബനികളെല്ലാം എഐ നവീകരണത്തിന്റെ പിന്നാലെയാണ്. ടെസ്ല സിഇഒ ഇലോണ്‍ മസ്കും സ്വന്തമായി എഐ പ്ലാറ്റ്ഫോം ആരംഭിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button