KeralaLatest

കനത്ത കാറ്റിലും മഴയിലും വീട് തകര്‍ന്നു; വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമില്ല

“Manju”

സിന്ധുമോള്‍ ആര്‍

അടിമാലി: ചൊവ്വാഴ്ച രാവിലെയുണ്ടായ കനത്തകാറ്റിലും മഴയിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. തോക്കുപാറ ഗവ. സ്‌കൂളിനടുത്ത് താമസിക്കുന്ന പുത്തന്‍പുരയില്‍ ഔസേഫിന്റെ വീടാണ് തകര്‍ന്നത്. ഔസേഫിന്റെ ഭാര്യ കുട്ടിയമ്മയും മകന്‍ കുഞ്ഞുമോനുമാണ് വീട്ടില്‍ താമസം. രാവിലെ എട്ടരയോടെയാണ് സംഭവം.
കുട്ടിയമ്മ രാവിലെ ലോട്ടറി വില്‍പ്പക്കായി പോയിരുന്നു. ഒരു കണ്ണ് നഷ്ടപ്പെട്ടതിനാന്‍ ജോലിയൊന്നും ഇല്ലാത്ത കുഞ്ഞുമോന്‍ മാത്രമേ സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നുള്ളു. വീടുതകര്‍ന്ന് വീണ സമയം കുഞ്ഞുമോന്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമില്ല.
സമീപവാസികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തറ ഇടിഞ്ഞ് താഴ്ന്നും ഭിത്തിയില്‍ നിരവധിയിടങ്ങളില്‍ വിള്ളല്‍ സംഭവിച്ചും ഓടുമേഞ്ഞിരിക്കുന്ന മേല്‍ക്കൂരയുടെ മരങ്ങളും കഴുക്കോലും ചിതലരിച്ചും ദ്രവിച്ചും തകര്‍ന്ന നിലയിലാണ് ഇപ്പോള്‍ ഈ വീടിന്റെ അവസ്ഥ. തറക്കും ഭിത്തിക്കും മേല്‍ക്കൂരക്കും ബലക്ഷയമുള്ളതിനാല്‍ കഴിഞ്ഞവര്‍ഷം വീടിനായി അപേക്ഷ വച്ചിരുന്നു.

അറ്റകുറ്റപണിക്കായി ഒന്നേകാല്‍ ലക്ഷം അനുവദിച്ചിരുന്നു. എന്നാല്‍ വീടുനിര്‍മ്മാണത്തിന് തുക അപര്യാപ്തമായതിനാല്‍ തുക വാങ്ങിയില്ല. ഇങ്ങനെയിരിക്കെയാണ് മഴയിലും കാറ്റിലും വീടു തകര്‍ന്നത്. ലോക്ക് ഡൗണായതിനാല്‍ ലോട്ടറി വില്പനയില്‍ നിന്നുള്ള ചെറിയ വരുമാനം പോലും ഇപ്പോള്‍ ലഭിക്കുന്നില്ല.
ഈ നിര്‍ദ്ധന കുടുംബത്തെ പുനരധിവസിപ്പിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം നടത്തി പുതിയ വീടുനിര്‍മ്മാണത്തിന് ആവശ്യമായ തുക അനുവദിക്കണമെന്നാണ് നാട്ടുകാരുടെ അവശ്യം.

Related Articles

Back to top button