KeralaLatest

നവപൂജിതം ആഘോഷവേളയില്‍ സദസിനെ അമ്പരപ്പിച്ച് ഗവര്‍ണര്‍

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമം തൊണ്ണൂറ്റിയാറാമത് നവപൂജിതം ആഘോഷത്തിന്റെ ഉദ്ഘാടന പ്രഭാഷണത്തിൽ മലയാളത്തില്‍ സംസാരിച്ച് സദസിനെ അമ്പരപ്പിച്ച് ഗവര്‍ണര്‍. മലയാളത്തില്‍ തന്റെ പ്രസംഗം ആരംഭിച്ച ഗവര്‍ണര്‍ ഒന്നോ രണ്ടോ വാക്കുകളിൽ ഒതുക്കാതെ ആശംസയും ഗുരുവാണിയും മലയാളത്തില്‍ പറഞ്ഞ് ഏവരേയും അത്ഭുതപ്പെടുത്തി. പ്രസംഗം  ഇങ്ങനെ തുടങ്ങി..

“പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ… എല്ലാവര്‍ക്കും എന്റെ വന്ദനം.  ഗുരു ചരണം ശരണം. നവജ്യോതി ശ്രീ കരുണാകർ ഗുരുവിന്റെ തൊണ്ണൂറ്റി ആറാം ജയന്തി ആഘോഷം ആയ നവപൂജിതം ഉദ്ഘാടനം ചെയ്യാൻ അതിയായ സന്തോഷം ഉണ്ട്.   വാക്കാണ് സത്യം, സത്യം ആണ് ഗുരു, ഗുരു ആണ് ദൈവം. ,എന്ന തത്ത്വത്തിൽ പ്രവർത്തിക്കുന്ന ശാന്തിഗിരി ആശ്രമത്തിൽ വീണ്ടും വരാൻ സാധിച്ചതിലും സന്തോഷം ഉണ്ട്. ആദ്യമായി നവജ്യോതി ശ്രീ കരുണാകർ ഗുരുവിന്റെ പാവന സ്മരണയ്ക്കു മുമ്പിൽ എന്റെ പ്രണാമം

മലയാളത്തില്‍ സംസാരിച്ച ഗവര്‍ണറുടെ വാക്കുകള്‍ കരഘോഷത്തോടെയാണ് ഭക്തജനസദസ്സ് ഹൃദയത്തില്‍ ഏറ്റുവാങ്ങിയത്.  കരുണാകര ഗുരുവിന്റെ പേരില്‍ തന്നെ കരുണയെന്ന ഭാവമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  കാരുണ്യത്തിന്റെ കരങ്ങള്‍, ഒരുമയുടെ കരങ്ങള്‍, ഉച്ചനീചത്വങ്ങള്‍ക്കതീതമായ കരങ്ങൾ അതാണ് ശാന്തിഗിരിയിലുള്ളത്, കാരുണ്യത്തിന്റെ കരുണയുടെ ഭാവം ആ പേരിൽ തന്നെയുണ്ടെന്ന  അദ്ദേഹത്തിന്റെ വാക്കുകൾ ഭക്തജനസദസ്സിനെ ഏറെ ഹൃദയങ്ങളെ ആകര്‍ഷിച്ചു.
ആശ്രമത്തില്‍ തന്നെ ആഘോഷങ്ങള്‍ക്കാണ് ക്ഷണിക്കുന്നതെന്നും അല്ലാതെയാണ് ഇവിടെ വരുവാൻ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.  ഇവിടുത്തെ  സന്യാസി സമൂഹത്തോടൊപ്പം സമയം ചെലവഴിക്കുവാനാണ് താനിവിടെ വരുവാൻ ആഗ്രഹിക്കുന്നത്.  സത്സംഗങ്ങള്‍ ഹൃദയത്തിലെ മാലിന്യങ്ങളെ നീക്കി ശുദ്ധമാക്കുന്നതിന് ഉപകരിക്കുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ശാന്തിഗിരിയിൽ റിസർച്ച്സോൺ ഓഡിറ്റോറിയത്തിൽ നടന്ന നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിന ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. വൈകിട്ട് 5.45 ന് ആശ്രമ കവാടത്തിലെത്തിയ ഗവര്‍ണറെ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മറ്റ് ആശ്രമ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പ്രാര്‍ത്ഥനാലയത്തില്‍ പ്രാര്‍ത്ഥനാനിരതനായ അദ്ദേഹം സന്യാസിമാരോടൊത്ത് പര്‍ണ്ണശാലയിലെത്തി പുഷ്പസമര്‍പ്പണം നടത്തി.  തുടര്‍ന്ന് മീറ്റിംഗ് സദസ്സിലെത്തി സദസ്സിലലിഞ്ഞ അദ്ദേഹം ആശ്രമത്തിൽ നിന്ന്  ഭക്ഷണവും കഴിച്ചശേഷം 7.30 ന് തിരികെ രാജ്ഭവനിലേക്ക്  യാത്രതിരിച്ചു.

ഇത് മൂന്നാം തവണയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാൻ ആശ്രമത്തിലെത്തുന്നത്. ആദ്യതവണയെത്തിയപ്പോള്‍ ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുമായി ചോദ്യത്തരത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. രണ്ടാം തവണ നവപൂജിതം ആഘോഷത്തിലുമാണ് അദ്ദേഹം പങ്കെടുത്തത്.

Related Articles

Back to top button