IndiaLatest

ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകളുടെ പ്രവര്‍ത്തനം ശ്രദ്ധേയം

“Manju”

ല്‍ഹി ; പ്രമേഹം, അര്‍ബുദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, ക്ഷയം എന്നിവയുടെ അടക്കം എണ്ണൂറിലേറെ മരുന്നുകളുടെ വില കുത്തനെ കുറയ്ക്കാന്‍ ജന്‍ ഔഷധി വഴി കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. രാജ്യത്തൊട്ടാകെ 8500 ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകളാണ് ഉള്ളതെന്നും അവ സാധാരണക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ജന്‍ ഔഷധി ഗുണഭോക്താക്കളുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച്‌ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ജന്‍ ഔഷധി വാരാചണത്തോട് അനുബന്ധിച്ചായിരുന്നു സംവാദം.

മാസം ശരാശരി 1500 രൂപയാണ് തനിക്ക് മരുന്നിനായി ചെലവായിരുന്നതെന്നും ജന്‍ ഔഷധി വഴി അവ വാങ്ങാന്‍ തുടങ്ങിയതോടെ ചെലവ് 250 രൂപയായി കുറഞ്ഞുവെന്നും പട്‌നയില്‍ നിന്നുള്ള ഹില്‍ദ ആന്തണി മോദിയുമായുള്ള സംസാരത്തിനിടെ പറഞ്ഞു. ഇപ്പോള്‍ ബാക്കി പണം പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. അവര്‍ പറഞ്ഞു.

ഹില്‍ദയെപ്പോലുള്ളവര്‍ക്ക് ജന്‍ ഔഷധിയിലുള്ള വിശ്വാസം വര്‍ധിച്ചുവരികയാണെന്നും ഇടത്തരക്കാര്‍ക്ക് ഈ പദ്ധതിയുടെ പ്രചാരകരായി മാറാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രോഗങ്ങള്‍ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും സാമ്പത്തിക ശേഷിയെ തകര്‍ക്കുകയാണ്. ജന്‍ ഔഷധി വഴി കുറഞ്ഞ വിലയ്ക്ക് ഇപ്പോള്‍ അവര്‍ക്ക് മരുന്നുകള്‍ ലഭിക്കുന്നുണ്ട്. ജന്‍ ഔഷധി പദ്ധതിയെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കും മാതാപിതാക്കള്‍ക്കുമായി മരുന്നിനു മാത്രം വലിയ തുകയാണ് മാസം ചെലവഴിക്കേണ്ടിവന്നിരുതെന്നും ജന്‍ ഔഷധി മരുന്നുകള്‍ വാങ്ങാന്‍ തുടങ്ങിയതോടെ മാസം ശരാശരി 2500 രൂപ വരെ ലാഭിക്കാന്‍ സാധിച്ചതായും ഭുവനേശ്വറില്‍ നിന്നുള്ള സുരേഷ് ചന്ദ്ര ബെഹേര പറഞ്ഞു. കുറഞ്ഞ വിലയുള്ള സാനിറ്ററി നാപ്കിനുകള്‍ ഇവിടെ ലഭ്യമാണെന്നും സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ പേര്‍ക്ക് നാപ്കിനുകള്‍ വിതരണം ചെയ്യാനാകുന്നുണ്ടെന്നും സൂററ്റിലെ പൊതുപ്രവര്‍ത്തക ഉര്‍വശി നീരവ് പട്ടേല്‍ പറഞ്ഞു.

രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള, എല്ലാ തുറകളിലുമുള്ളവര്‍ക്ക് ജന്‍ ഔഷധിയുടെ പ്രയോജനം ലഭിക്കുന്നതില്‍ മോദി സന്തോഷം പ്രകടിപ്പിച്ചു. വെറും ഒരു രൂപമാത്രമാണ് സാനിറ്ററി നാപ്കിനുകളുടെ വില. 21 കോടി രൂപയാണ് അതിന്റെ വില്പനയിലൂടെ ലഭിച്ചത്. ഹൃദ്രോഗികള്‍ക്കു വേണ്ട സ്‌റ്റെന്റുകള്‍, മുട്ടു മാറ്റിവയ്ക്കാനുള്ള കൃത്രിമ മുട്ടുകള്‍ തുടങ്ങിയവയുടെ വിലയും ഗണ്യമായി കുറച്ചു. ഇന്ന് ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ 50 കോടി പേര്‍ അംഗങ്ങളാണ്. മൂന്ന് കോടിയില്‍ പരം പേര്‍ക്ക് അതിന്റെ ഗുണഫലങ്ങള്‍ ലഭിച്ചു. ഇടത്തരക്കാരുടെയും പാവപ്പെട്ടവരുടെയും 70,000 കോടി രൂപയാണ് ഇങ്ങനെ ലാഭിക്കാനായതെന്ന് മോദി പറഞ്ഞു.

 

Related Articles

Back to top button