KeralaLatest

ഒച്ചയും ബഹളവുമില്ലാതെ പൊലീസ്‌ 
അടുത്തെത്തും

“Manju”

കൊച്ചി : ബീക്കണ്‍ ലൈറ്റോ സൈറണോ ജീപ്പിന്റെ ഇരമ്ബലോ ഇല്ലാതെയാകും ഇനി കൊച്ചി നഗരത്തില്‍ ട്രാഫിക്‌ പൊലീസ്‌ എത്തുന്നത്‌.  ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ചക്രങ്ങളുള്ള ഹോവര്‍ ബോര്‍ഡ്‌ ഇലക്‌ട്രിക്‌ സ്‌കൂട്ടറുകളാണ്‌ പട്രോളിങ്ങിന്‌ നല്‍കുന്നത്‌. കൊച്ചി പൊലീസ്‌ കമീഷണറേറ്റ്‌ വനിതാദിനത്തോടനുബന്ധിച്ച്‌ ചാത്യാത്ത്‌ ക്യൂന്‍സ്‌ വാക്‌വേയില്‍ ഇവയുടെ പ്രവര്‍ത്തനം അവതരിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഗതാഗതനിയന്ത്രണത്തിനാണ്‌ ഇവ ഉപയോഗിക്കുകയെന്ന്‌ ട്രാഫിക്‌ വെസ്‌റ്റ്‌ അസി. കമീഷണര്‍ വിനോദ്‌ പിള്ള പറഞ്ഞു. ഒരുലക്ഷം രൂപയ്‌ക്കുമുകളിലാണ്‌ വില. പൂര്‍ണമായി ചാര്‍ജ്‌ ചെയ്‌താല്‍ 25–30 കിലോമീറ്റര്‍ സഞ്ചരിക്കാം.
റിമോട്ട്‌ ഉപയോഗിച്ച്‌ ഓണാക്കി വിവിധ മോഡുകള്‍ തെരഞ്ഞെടുത്ത്‌ ഇവയില്‍ സഞ്ചരിക്കാം. പൊലീസുകാര്‍ക്ക്‌ ഇതുപയോഗിക്കാനുള്ള പരിശീലനം നല്‍കിവരികയാണ്‌. ട്രാഫിക്‌ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക്‌ വാഹനത്തിരക്കിനിടയിലൂടെ സുഗമമായി സഞ്ചരിക്കാനാകും. ആയാസമില്ലാതെ കൂടുതല്‍ ദൂരം സഞ്ചരിച്ച്‌ നിരീക്ഷണം നടത്താം. പ്രകൃതിസൗഹൃദ വാഹനം എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഇവ തെരഞ്ഞെടുത്തത്‌. ഭാവിയില്‍ തിരക്കുള്ള സ്ഥലങ്ങളില്‍ പട്രോളിങ്ങിന്‌ ഉപയോഗിക്കുന്നത്‌ പരിഗണിക്കുമെന്ന്‌ സിറ്റി പൊലീസ്‌ കമീഷണര്‍ സി എച്ച്‌ നാഗരാജു പറഞ്ഞു. ഇത്തരം വാഹനങ്ങള്‍ പൊലീസിന്‌ കൂടുതല്‍ ലഭ്യമാക്കുന്നതിന്‌ കൊച്ചിന്‍ സ്‌മാര്‍ട്ട്‌ മിഷന്‍ ലിമിറ്റഡ്‌ (സിഎസ്‌എംഎല്‍) പദ്ധതി തയ്യാറാക്കുന്നുണ്ട്‌. പൊലീസുമായി ഇതിനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്ന്‌ സിഎസ്‌എംഎല്‍ സിഇഒ എസ്‌ ഷാനവാസ്‌ പറഞ്ഞു.

Related Articles

Back to top button