KeralaLatest

എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷകള്‍ ഏപ്രിലില്‍

ഒന്നുമുതല്‍ ഒമ്പതുവരെ പരീക്ഷ മാര്‍ച്ച്‌ 23 ന്

“Manju”

തിരുവനന്തപുരം : ഒന്നുമുതല്‍ ഒമ്പതുവരെ ക്ലാസുകളുടെ പരീക്ഷ മാര്‍ച്ച്‌ 23 മുതല്‍ ഏപ്രില്‍ രണ്ടുവരെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരീക്ഷകള്‍ സുഗമമായി നടത്താന്‍ വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിച്ചു. പാഠഭാഗങ്ങളുടെ പൂര്‍ത്തിയാക്കല്‍ സംബന്ധിച്ച്‌ പ്രതിവാര അവലോകനം നടത്താനും റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനവിടവ് പരിഹരിക്കാന്‍ എസ്‌എസ്കെ-യുടെയും എന്‍എസ്‌എസിന്റെയും ഡയറ്റുകളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം നടക്കുന്നുണ്ട്.
ആദിവാസി, തീരദേശമേഖലകളിലെ വിദ്യാര്‍ഥികളുടെ വീടുകളിലെത്തി പഠനപിന്തുണയും നല്‍കുന്നു. ഉന്നത വിദ്യാഭ്യാസത്തിനുള്ള പ്രവേശന പ്രക്രിയയില്‍നിന്ന് കേരളത്തിലെ കുട്ടികള്‍ പുറത്താകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുപരീക്ഷകള്‍ സമയബന്ധിതമായി നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
സുരക്ഷയുറപ്പിച്ച്‌ സ്കൂള്‍ പഠനം : സ്കൂള്‍ തുറന്നശേഷം കോവിഡ് വ്യാപനവും കുട്ടികളുടെ ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഗൗരവമായ വിഷയങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മാനദണ്ഡം പാലിച്ചാണ് പ്രവര്‍ത്തനം. 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തിയാണ് പ്രീപ്രൈമറി ക്ലാസ് ഉച്ചവരെ നടക്കുന്നത്. 65 ശതമാനം കുട്ടികള്‍ ഹാജരാകുന്നുണ്ട്. ഒന്നുമുതല്‍ ഒമ്ബതുവരെയുള്ള ക്ലാസുകളിലെ ഹാജര്‍ നിലവാരം 90 ശതമാനംവരെയാണ്.
പാഠപുസ്തക അച്ചടി പൂര്‍ത്തിയായി : ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. ഇവയുടെ വിതരണം സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാഠപുസ്തക വിഭാഗം ജീവനക്കാരും ജില്ലാ, ഉപജില്ലാ തലങ്ങളിലെ ജീവനക്കാരും വിതരണച്ചുമതല വഹിക്കുന്ന കെബിപിഎസും സജ്ജരാണ്. സംസ്ഥാനത്തെ 14 ജില്ലാ ഹബ്ബിലും അച്ചടിച്ച പാഠപുസ്തകങ്ങള്‍ എത്തിക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.

Related Articles

Back to top button