IndiaLatest

മിസൈല്‍ പതിച്ച സംഭവം സാങ്കേതിക പിഴവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി

“Manju”

ഡല്‍ഹി: പാക്കിസ്ഥാനില്‍ മിസൈല്‍ പതിച്ച സംഭവം സാങ്കേതിക പിഴവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാ‌ഥ് സിംഗ് പാര്‍ലമെന്റില്‍. സംഭവം ഖേദകരമാണെന്നും അന്വേഷണം തുടരുകയാണെന്നും രാജ്നാഥ് സിംഗ് അറിയിച്ചു. മാര്‍ച്ച്‌ ഒമ്ബതാം തീയതി വൈകിട്ട് ഏഴ് മണിയോടെയാണ് ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ വിക്ഷേപിച്ചത്.പതിവ് സാങ്കേതിക പരിശോധനകള്‍ക്കിടെയാണ് അബദ്ധം സംഭവിച്ചത്. പരിശോധനയ്ക്കിടെ മിസൈല്‍ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം.

രാജ്യത്തിന്റെ ആയുധ സംവിധാനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍‌ഗണന. എന്തെങ്കിലും പോരായ്മ കണ്ടെത്തിയാല്‍ അത് പരിഹരിച്ചാണ് മുന്നോട്ട് പോകുന്നത്. മാത്രമല്ല സംവിധാനങ്ങളില്‍ പിഴവുണ്ടായാല്‍ അത് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും രാജ്നാഥ് സിങ്ങ് വ്യക്തമാക്കി ഉന്നതതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.

പാക്കിസ്ഥാനിലെ ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിലാണ് ഇന്ത്യയുടെ മിസൈല്‍ ചെന്ന് പതിച്ചത്. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ടത്. അത് കൊണ്ട് തന്നെ വലിയ അപകടമാണ് ഒഴിവായത്. സംഭവം നടന്നതിന്റെ അടുത്ത ദിവസം വൈകിട്ടാണ് പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വ്വീസസ് റിലേഷന്‍സിന്റെ മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കാര്‍ ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ വീണുവെന്ന് സ്ഥിരീകരിച്ച്‌ വാര്‍ത്താ സമ്മേളനം നടത്തിയത്. ഇതിന് പിന്നാലെ സംഭവത്തില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഖേദം പ്രകടിപ്പിച്ച്‌ രംഗത്തെത്തി.

തന്ത്രപ്രധാനമായ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ ഗുരുതരമായ വീഴ്ച വരുത്തിയെന്നായിരുന്നു പാക്കിസ്ഥാന്റെ ആക്ഷേപം.വസ്തുതകള്‍ കൃത്യമായി പുറത്തുവരാന്‍ സംയുക്ത അന്വേഷണം വേണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ഈ ആവശ്യം ഇന്ത്യ തള്ളിക്കളയുകയാണ്. ഇത്രയും ഗുരുതരമായ വിഷയത്തില്‍ ഇന്ത്യന്‍ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയും പാക്കിസ്ഥാന്‍ നിലപാട് അറിയിച്ചു. ആഭ്യന്തര അന്വേഷണം മാത്രം നടത്താനുള്ള ഇന്ത്യയുടെ തീരുമാനം പര്യാപ്തമല്ലെന്നാണ് പാക് നിലപാട്.

Related Articles

Back to top button