ശ്രീജ.എസ്
ഡല്‍ഹിയില്‍ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ഡല്‍ഹി പൊലീസ്. സംഘര്‍ഷത്തില്‍ 153 പൊലീസുകാര്‍ക്ക് പരിക്കേറ്റുവെന്നും അറിയിച്ചു. കര്‍ഷകര്‍ 100 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.
മുകര്‍ബ ചൗക്ക്, ഗാസിപുര്‍, ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലെ സംഘര്‍ഷത്തിലാണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. പോലീസ് നിശ്ചയിച്ച പാതകളില്‍നിന്ന് വ്യതിചലിച്ച് നടത്തിയ ട്രാക്ടര്‍ റാലിയിലാണ് സംഘര്‍ഷമുണ്ടായത്. രാവിലെ 8.30 ന് സിങ്കു അതിര്‍ത്തിയില്‍ സംഘടിച്ച ഏഴായിരത്തോളം ട്രാക്ടറുകള്‍ സെന്‍ട്രല്‍ ഡല്‍ഹിയിലേക്ക് റാലി ആരംഭിച്ചു. പോലീസ് നിര്‍ദേശം മറികടന്നാണ് ഇവര്‍ റാലി നടത്തിയത്.
മുകാര്‍ബ ചൗക്കിനും ട്രാന്‍സ്പോര്‍ട്ട് നഗറിനും ഇടിയില്‍ സ്ഥാപിച്ചിരുന്ന നിരവധി ബാരിക്കേഡുകള്‍ മറികടന്നാണ് ഇവരുടെ ട്രാക്ടര്‍ റാലി മുന്നോട്ടുപോയത് ഇവരുടെ കൈയില്‍ വാളുള്‍പ്പെടെ മാരകായുധങ്ങളും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. അതേസമയം, കര്‍ഷക സമരത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും ഇന്നും തുടരും. ലാല്‍കില, ജുമ മസ്ജിദ് തുടങ്ങിയ സ്ഥലങ്ങളിലെ മെട്രോ സ്റ്റേഷനുകള്‍ ഇന്നും അടഞ്ഞു കിടക്കും. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനവും തടസപ്പെടും. സിംഘു, തിക്രി, ഗാസിപൂര്‍, മുകാബ്ര ചൗക് എന്നിവിടങ്ങളിലെ ഇന്റര്‍നെറ്റ് സേവനമാണ് തടസപ്പെടുക.