IndiaLatest

ഡല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചു

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചു. ഡല്‍ഹിയിലെ കര്‍ക്കര്‍ദൂമ കോടതിയാണ് ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചത്. 2020 ല്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നടന്ന കലാപക്കേസുമായി ബന്ധപ്പെട്ട് 2020 സെപ്തംബര്‍ 14 ന് അറസ്റ്റിലായ ഉമര്‍ ഖാലിദ് ഇപ്പോള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ തടവിലാണ്.

കോടതിയില്‍ നടന്ന വാദത്തിനിടെ, തനിക്കെതിരായ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന്റെ പക്കല്‍ തെളിവുകള്‍ ഇല്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം മുഴുവന്‍ കെട്ടിച്ചമച്ചതാണെന്ന് അഭിഭാഷകന്‍ വാദിച്ചു. ഇതിന് തെളിവായി അദ്ദേഹം കോടതിയില്‍ രണ്ട് ടി.വി ചാനലുകള്‍ നടത്തിയ വീഡിയോ ക്ലിപ്പുകളും സമര്‍പ്പിച്ചിരുന്നു. കുറ്റപത്രത്തിലെ മൊഴികള്‍ പോലീസിന്റെ ഭാവനാ സൃഷ്ടികളാണെന്നും രാത്രി 9 മണിക്കുള്ള വാര്‍ത്താ ചാനലുകളുടെ സ്ക്രിപ്റ്റ് പോലെയാണെന്നും കോടതിയില്‍ ഉമര്‍ ഖാലിദ് വാദിച്ചിരുന്നു.

വര്‍ഗീയ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്യല്‍, കലാപത്തിന് പ്രേരിപ്പിക്കല്‍, മതപരമായ ശത്രുത വളര്‍ത്തല്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഐപിസി വകുപ്പുകള്‍ ആണ് ഉമര്‍ ഖാലിദിനെതിരെയുള്ളത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഷഹീന്‍ബാഗിലെ സമരസ്ഥലം ഉമര്‍ ഖാലിദ് സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ നടന്ന, 3 ദിവസത്തിലധികം നീണ്ടുനിന്ന അക്രമസംഭവങ്ങളില്‍ 53 പേര്‍ മരിച്ചെന്നും 700ലധികം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. ഡല്‍ഹി കലാപത്തിന്റെ വലിയ ഗൂഢാലോചന കേസില്‍ 18 പേരെ പ്രതികളാക്കിയിട്ടുണ്ടെങ്കിലും 6 പേര്‍ക്ക് ഇതിനോടകം ജാമ്യം ലഭിച്ചിരുന്നു.

Related Articles

Back to top button