Latest

 വിചിത്ര സൈക്കിൾ മോഷ്ടാവ്; കുടുക്കിയത് ഗൂഗിൾ എർത്ത്

“Manju”

മറ്റൊരാളുടെ സാധനങ്ങൾ അവരുടെ അനുവാദമില്ലാതെ കൈവശപ്പെടുത്തുന്നവനാണ് കള്ളൻ.ലോകം മുഴുവൻ ആരാധകരുള്ള റോബിൻഹുഡ് മുതൽ രാജ്യം മുഴുവൻ കൊള്ളയടിച്ച കള്ളൻമാർ വരെ ലോകത്ത് ജീവിച്ചുമരിക്കുന്നു.കള്ളന്മാരുടെ കഥയെല്ലാം എന്നും ഒരു കൗതുകമാണ്. ഓക്‌സ്‌ഫോർഡിലെ ഒരു മോഷ്ടാവിന്റെ കഥയാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

വർഷങ്ങളായി മോഷണം കൈമുതലാക്കിയ ഓക്‌സ്‌ഫോർഡിലെ ഈ കള്ളൻ പ്രധാനമായും മോഷ്ടിക്കുന്നത് സൈക്കിളാണ്. മോഷ്ടിച്ച സൈക്കിൾ മറിച്ചു വിൽക്കുന്ന പതിവൊന്നും നമ്മുടെ കഥാനായകന് ഇല്ല. ഇങ്ങനെ മോഷ്ടിച്ചു കൂട്ടുന്ന സൈക്കിളുകൾ തന്റെ വീട്ടുപറമ്പിൽ സൂക്ഷിക്കും. അങ്ങനെ സൂക്ഷിച്ച് സൂക്ഷിച്ച് കള്ളന്റെ വീട്ടുപറമ്പിൽ ഒരു കുന്ന് തന്നെ രൂപപ്പെട്ടു. മോഷ്ടിച്ച സൈക്കിളുകളുടെ കുന്ന്. 53 കാരനായ കള്ളൻ ഇതുവരെയായി മോഷ്ടിച്ച 500 ലധികം സൈക്കിളുകളാണ് കുന്നായി രൂപാന്തം പ്രാപിച്ചത്.

കഴിഞ്ഞയാഴ്ച ഈ കള്ളൻ പോലീസിന്റെ പിടിയിലുമായി.എങ്ങനെയാണ് ഈ കള്ളൻ പോലീസിന്റെ വലയിലായതെന്ന് അറിയേണ്ടേ. അതിന് കാരണം കള്ളന്റെ അയൽക്കാരിയാണ്. കോളിൻ ബട്‌ലർ എന്ന സ്ത്രീ കള്ളൻ താമസിക്കുന്ന അതേ തെരുവിലാണ് താമസിക്കുന്നത്. നാലു വർഷം മുൻപാണ് കള്ളന്റെ വീടിന് സമീപം തുരുമ്പിച്ച സൈക്കിളുകളുടെ കൂമ്പാരം ബട്‌ലറുടെ ശ്രദ്ധയിൽപ്പെട്ടത്.തന്റെ അയൽക്കാരനായ കള്ളനോട് ഇതേ പറ്റി അന്വേഷിച്ചെങ്കിലും ആഫ്രിക്കയിലെ പാവപ്പെട്ട കുട്ടികൾക്ക് എത്തിച്ച് കൊടുക്കാനാണ് സൈക്കിളുകൾ എന്നായിരുന്നു മറുപടിയെന്ന് ബട്‌ലർ പറയുന്നു.എന്നാൽ വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും സൈക്കിൾ കൂമ്പാരം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ലെന്ന് ബട്‌ലർ പറയുന്നു.

സൈക്കിൾ കൂമ്പാരം കുന്നുകൂടിയതിന് അനുസരിച്ച് പ്രദേശത്ത് ഇഴജന്തുക്കളുടേയും എലിയുടേയും ശല്യം കൂടി.ഇതിനെ പറ്റി അയൽക്കാരനോട് സംസാരിച്ചിട്ട് ഫലം ഉണ്ടാവാതിരുന്ന ബട്‌ലർ ലോക്കൽ കൗൺസിലിന് പരാതി നൽകി. പരാതി സ്വീകരിച്ച പ്രാദേശിക ഭരണകൂടം അവർക്ക് കീടനിയന്ത്രണത്തിനുള്ള മരുന്ന് നൽകി തിരിച്ചയച്ചു. സംഗതി ഇങ്ങനെ വിട്ടാൽ പറ്റില്ലെന്ന് മനസിലുറപ്പിച്ച ബട്‌ലർ സംഭവം സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.

പോസ്റ്റ് വൈറലായതോടെ ഗൂഗിൾ എർത്ത് വഴി നമ്മുടെ കഥാനായകന്റെ വീടും പരിസരവും പരിശോധിച്ചു. പരിശോധനയിൽ സൈക്കിൾ കൂമ്പാരം കാണാനായ പോലീസ് കള്ളനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണപരമ്പരയുടെ ചുരുളഴിയുന്നത്.ദൂരസ്ഥലങ്ങളിൽ നിന്നുപോലും മോഷ്ടിച്ച സൈക്കിളുകളാണ് ഈ രീതിയിൽ ഇങ്ങനെ കുന്നുകൂടിക്കിടക്കുന്നത്. ഇങ്ങനെ സൈക്കിൾ മോഷ്ടിക്കാനുണ്ടായ കാരണമായി കള്ളൻ പറഞ്ഞത് അത് തന്റെ ഹോബിയാണന്നാണ്.

വഴിയോരങ്ങളിൽ സൈക്കിൾ കാണുമ്പോൾ അത് സ്വന്തമാക്കണമെന്ന് തോന്നും. അപ്പോൾ അവസരമുണ്ടാക്കി അത് മോഷ്ടിച്ച് വീട്ടിലെത്തിക്കും. വല്ലാത്ത ജാതി ഹോബി അല്ലേ? എന്തായാലും കള്ളനെ കൂട്ടിലാക്കിയ പോലീസിന്റെ അടുത്ത ശ്രമം ഈ 500 ഓളം വരുന്ന സൈക്കിളുകളുടെ ഉടമസ്ഥരെ കണ്ടുപിടിക്കുക എന്നതാണ്. അതിനുള്ള നടപടികൾ പോലീസ് സ്വീകരിച്ചു കഴിഞ്ഞു എന്നാണ് വിവരം. കള്ളനെ കുടുക്കാൻ ഇത്രയേറെ സഹായിച്ച ബട്‌ലറാവട്ടെ വീടിന്റെ സമീപത്ത് നിന്ന് ഇഴജന്തുക്കളുടെ ശല്യം കുറയുമെന്ന സന്തോഷത്തിലാണ്.

Related Articles

Back to top button