Latest

അനധികൃതമായി സ്ഥാപിച്ച പ്രതിമ നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്

“Manju”

ഹൈദരാബാദ് : അനധികൃതമായി നിർമ്മിച്ച മദർ തെരേസയുടെ പ്രതിമ ഉടൻ നീക്കം ചെയ്യാൻ ഉത്തരവിട്ട് തെലങ്കാന ഹൈക്കോടതി. ഹൈദരാബാദിലെ മുത്തുലമ്മ സർക്കിളിലുളള മദർ തെരേസയുടെ പ്രതിമ പൊളിച്ച് നീക്കാനാണ് ഉത്തരവ്. പത്ത് ദിവസത്തിനുള്ളിൽ ഇത് നീക്കണമെന്നും ജില്ലാ ഭരണകൂടത്തോട് ഹൈക്കോടതി നിർദ്ദേശിച്ചു.

വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ ജനറൽ സെക്രട്ടറി അല്ലിക അഞ്‌ജൈ സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അധികൃതരുടെ അനുമതി ഇല്ലാതെയാണ് പ്രതിമ സ്ഥാപിച്ചത് എന്ന് അല്ലിക സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു. സുപ്രീം കോടതി നിർദ്ദേശങ്ങൾ അനുസരിക്കാത്തതിന് കോടതിയലക്ഷ്യത്തിന് ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

പൊതു റോഡുകളിലും നടപ്പാതകളുടെ വശങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലും പ്രതിമ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾ അനുമതി നൽകരുതെന്ന് സുപ്രീം കോടതി മാർഗനിർദ്ദേശത്തിൽ പറയുന്നു. ഉത്തരവുണ്ടായിട്ടും അനധികൃത പ്രതിമ സ്ഥാപിക്കാൻ അധികൃതർ അനുമതി നൽകിയെന്ന് ഹർജിയിൽ പറയുന്നു. അനുമതിയില്ലാതെ ചിലർ കുരിശ് സ്ഥാപിക്കാനും ശ്രമിച്ചു. എന്നാൽ, ഹൈക്കോടതി നിർദേശത്തെ തുടർന്ന് കുരിശിന്റെ നിർമ്മാണം നിർത്തിവെച്ച്, പകരം മദർ തെരേസയുടെ പ്രതിമ സ്ഥാപിക്കുകയാണ് ചെയ്തതെന്ന് ഹർജിക്കാരൻ പറഞ്ഞു. ഹർജി പരിഗണിച്ച ഹൈക്കോടതി, പത്ത് ദിവസത്തിനകം അനധികൃത പ്രതിമ നീക്കം ചെയ്യാൻ കളക്ടറോട് ഉത്തരവിട്ടു.

 

Related Articles

Back to top button