InternationalLatest

സ്ഫോടനത്തില്‍ നിന്നും ഉണ്ടായ വിസ്മയലോകം; ബ്ലൂ കേവ്

“Manju”

ക്രൊയേഷ്യയിലെ ബിസേവോ ദ്വീപിലെ ബാലുണ്‍ ഉള്‍ക്കടലിലാണ് ബ്ലൂ കേവ് എന്നറിയപ്പെടുന്ന ഈ നീല ഗുഹയുള്ളത്. ക്രൊയേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സ്പ്ലിറ്റില്‍നിന്ന് ഏകദേശം 69 കിലോമീറ്ററാണ് ബ്ലൂ കേവിലേക്കുള്ളത്. ഉച്ചവെയില്‍ കടലില്‍ തട്ടുമ്പോഴുണ്ടാവുന്ന പ്രതിഫലനമാണ് ഈ ഗുഹക്കുള്ളില്‍ സവിശേഷമായ നീലനിറം നിറയ്ക്കുന്നത്. കാലാവസ്ഥയ്ക്കും സമയത്തിനും അനുസരിച്ച്‌ ഈ നീലനിറത്തില്‍ മാറ്റമുണ്ടാകും. നല്ല സൂര്യപ്രകാശമുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 11നും 12 നും ഇടക്കാണ് ബ്ലൂ കേവ് സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം. അപ്പോള്‍ എത്തിയാല്‍ സൂര്യനും സമുദ്രവും ആകാശവും ചേര്‍ന്ന് തീര്‍ക്കുന്ന നീലിമയുടെ സൗന്ദര്യം നിങ്ങള്‍ക്കും ആസ്വദിക്കാനാകും.

ചുണ്ണാമ്പുകല്ലുകളില്‍ നിരന്തരം തിരയടിയേറ്റാണ് ഈ ഗുഹ രൂപപ്പെട്ടത്. ആകെ 24 മീറ്റര്‍ മാത്രമാണ് ഈ അപൂര്‍വ ഗുഹയുടെ നീളം. ആഴമാകട്ടെ 10 മുതല്‍ 12 മീറ്റര്‍ വരെയും. ഒന്നര മീറ്റര്‍ ഉയരവും രണ്ടര മീറ്റര്‍ വീതിയുമുള്ള ഗുഹാമുഖമാണിവിടെയുള്ളത്. 1884 വരെ ജലത്തില്‍ മുങ്ങി മാത്രമേ ഈ ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിച്ചിരുന്നുള്ളൂ. പിന്നീട് ഡൈനാമിറ്റ് ഉപയോഗിച്ച്‌ സ്‌ഫോടനം നടത്തിയാണ് ഇപ്പോഴുള്ള ഗുഹാമുഖം നിര്‍മിച്ചത്.

ക്രൊയേഷ്യയിലെ ദ്വീപുകളില്‍ ഏറ്റവും കുറവ് ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നാണ് ബ്ലൂ കേവ് സ്ഥിതി ചെയ്യുന്ന ബിസേവോ ദ്വീപ്. ആകെ 15 പേര്‍ മാത്രമാണ് ഇവിടെ സ്ഥിരതാമസം. ഇവിടെ സഞ്ചാരികള്‍ക്കായി പ്രത്യേകം താമസസൗകര്യമില്ല. ഗുഹയ്ക്കുള്ളില്‍ ഇറങ്ങാനോ കുളിക്കാനോ അവസരമുണ്ടാവില്ല. ബിസേവോ ദ്വീപില്‍ പഞ്ചാര മണല്‍ നിറഞ്ഞ നിരവധി ബീച്ചുകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. സ്പ്ലിറ്റ്, ട്രോഗിര്‍, വിസ്, ഒമിസ് തുടങ്ങിയ സമീപ ദ്വീപുകളില്‍നിന്നു ബ്ലൂ കേവിലേക്ക് എളുപ്പം പോകാനാകും.

ബ്ലൂ കേവിലേക്ക് കടക്കാന്‍ പാകത്തിലുള്ള ചെറു റബര്‍ ബോട്ടുകളിലാണ് പിന്നീടുള്ള സഞ്ചാരം. ഇവരുടേതല്ലാത്ത ബോട്ടുകള്‍ക്ക് ഔദ്യോഗികമായി ബ്ലൂ കേവിലേക്ക് പ്രവേശനമില്ല. പരമാവധി മൂന്ന് ബോട്ടുകള്‍ക്കാണ് ഒരേസമയം നീല ഗുഹക്കുള്ളില്‍ കാഴ്ചകള്‍ കാണാനായി കടക്കാനാവുക. മറ്റു ബോട്ടുകള്‍ സന്ദര്‍ശകരുമായി ഈ സമയം പുറത്ത് കാത്തു കിടക്കും. അഞ്ച് മുതല്‍ 15 വരെ മിനിറ്റെടുത്താണ് ഓരോ ബോട്ടും ബ്ലൂ കേവ് സന്ദര്‍ശനം പൂര്‍ത്തിയാക്കുക. ഒരു ബോട്ടില്‍ പരമാവധി 12 പേര്‍ക്ക് കയറാം. സന്ദര്‍ശകര്‍ കൂടുതലുള്ളത് ജൂലൈഓഗസ്റ്റ് മാസങ്ങളാണ്. മറ്റെവിടെയും ലഭിക്കാത്ത മായക്കാഴ്ചകള്‍ക്കായുള്ള ഈ കാത്തിരിപ്പ് നിരാശപ്പെടുത്താറില്ലെന്നതിന്റെ തെളിവാണ് ഓരോ വേനല്‍ക്കാലത്തും എത്തുന്ന ഒരു ലക്ഷത്തോളം സഞ്ചാരികള്‍.

 

Related Articles

Back to top button