LatestThiruvananthapuram

മുന്‍ ജയില്‍ മേധാവിക്ക് ലഭിച്ചത് അപൂര്‍വ്വ യാത്രയയപ്പ്

“Manju”

തിരുവനന്തപുരം: സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജയില്‍ ആസ്ഥാനകാര്യ ഡിഐജിഎസ് സന്തോഷിന് തടവുകാര്‍ നല്‍കിയത് അത്യപൂര്‍വ്വ യാത്രയയപ്പ്. 32 വര്‍ഷത്തെ സേവനത്തിന് ശേഷം ഇന്നലെ അവസാന കൂടിക്കാഴ്ചയും ഔദ്യോഗിക പരിപാടിയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അന്തേവാസികള്‍ക്കൊപ്പമായിരുന്നു.

വികാരനിര്‍ഭരമായ യോഗത്തിനാണ് ഇന്നലെ സെന്‍ട്രല്‍ ജയില്‍ സാക്ഷ്യം വഹിച്ചത്. അന്തേവാസികളെ കാണാന്‍ എത്തിയ മുന്‍ സംസ്ഥാന ജയില്‍മേധാവിയെ കണ്ണീരോടെയാണ് തടവുകാര്‍ യാത്രയയച്ചത്. ഡിഐജി ചേര്‍ത്ത് പിടിച്ചപ്പോള്‍ പലരും വിതുമ്പുന്ന കാഴ്ച അത്യപൂര്‍വ്വമായി. സംസ്ഥാനത്തെ 53 ജയിലുകളില്‍ 4 വനിതാ ജയിലുകള്‍ ഒഴികെ 40 ലേറെ ജയിലുകളിലെ സഹപ്രവര്‍ത്തകരും ജയില്‍ അന്തേവാസികളും അദ്ദേഹത്തിന് യാത്രയയപ്പ് നല്‍കിയിരുന്നു.

1990ല്‍ ജയില്‍ വകുപ്പില്‍ പ്രവേശിച്ച സന്തോഷ് സംസ്ഥാനത്തെ എല്ലാ സെന്‍ട്രല്‍ ജയിലുകളിലും പ്രധാന ജില്ലാ ജയിലുകളിലും വിവിധ തസ്തികളില്‍ ജോലി ചെയ്തു. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ആയിരിക്കെയാണു ജയില്‍ ആസ്ഥാനകാര്യ ഡിഐജി ആയത്.

ആലപ്പുഴ വള്ളിക്കുന്ന് സ്വദേശിയാണ് എസ് സന്തോഷ്. കേരള ജയില്‍ എക്‌സിക്യൂട്ടിവ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും 15 വര്‍ഷം സംഘടനയെ നയിച്ചു. മുഖ്യമന്ത്രിയുടെ ജയില്‍ സേവന പുരസ്‌കാരം, രാഷ്‌ട്രപതിയുടെ പ്രിസണ്‍ മെഡല്‍ എന്നിവ ഉള്‍പ്പെടെ 25-ഓളം ഗുഡ് സര്‍വീസ് എന്‍ട്രികളും നേടിയിട്ടുണ്ട്.

 

Related Articles

Back to top button