IndiaLatest

ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് അനന്ത സാദ്ധ്യതകള്‍ തുറന്നു നല്‍കും

“Manju”

ന്യൂഡല്‍ഹി ; ഓസ്‌ട്രേലിയ, യുഎഇ എന്നീ രാജ്യങ്ങളുമായുള്ള പുത്തന്‍ സാമ്പത്തിക സഹകരണവും വ്യാപാര കരാറുകളും ടെക്‌സ്റ്റൈല്‍, കൈത്തറി, പാദരക്ഷകള്‍ തുടങ്ങിയ മേഖലകളില്‍ അനന്ത സാദ്ധ്യതകള്‍ തുറന്നു നല്‍കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ പറഞ്ഞു.

ഓസ്‌ട്രേലിയയിലേക്കും യുഎഇയിലേക്കുമുള്ള ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ കയറ്റുമതി നികുതിമുക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. താമസിയാതെ യൂറോപ്പ്, കാനഡ, യുകെ, ജിസിസി രാജ്യങ്ങളും നികുതിമുക്ത ഇന്ത്യന്‍ ടെക്സ്റ്റൈല്‍ കയറ്റുമതിയെ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ന് ന്യൂഡല്‍ഹിയില്‍ ‘കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ടെക്സ്റ്റൈല്‍ ഇന്‍ഡസ്ട്രി- കോട്ടണ്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച്‌ അസോസിയേഷന്‍’ (CITI- CDRA) ന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശ്രീ ഗോയല്‍. ഉപരാഷ്ട്രപതി ശ്രീ.എം.വെങ്കയ്യ നായിഡു ആഘോഷപരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു.

തൊഴില്‍ പ്രാധാന്യമുള്ള വ്യവസായങ്ങളില്‍ നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ വ്യാപാര കരാറുകള്‍ സഹായിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പുതിയ സാങ്കേതികവിദ്യ, അപൂര്‍വ ധാതുക്കള്‍, ഇന്ത്യയില്‍ വിരളമായ അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവ ലോകരാജ്യങ്ങളില്‍ നിന്ന് ന്യായവിലയ്ക്ക് സ്വീകരിക്കാന്‍ ഇന്ത്യ സദാ സന്നദ്ധമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് നമ്മുടെ ഉത്പാദനം, ഉത്പാദനക്ഷമത, ഗുണനിലവാരം എന്നിവ വര്‍ധിപ്പിക്കാന്‍ സഹായകമാകും. ലോകമെമ്പാടും, നമ്മുടെ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത ഇത് മൂലം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2030-ഓടെ ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ വ്യവസായത്തിന് 100 ബില്യണ്‍ ഡോളര്‍ കയറ്റുമതി ലക്‌ഷ്യം നേടാന്‍ കഴിയുമെന്ന് ശ്രീ ഗോയല്‍ പറഞ്ഞു. ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയുടെ ഏകദേശം 10% (ഏകദേശം 43 ബില്യണ്‍ ഡോളര്‍) ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ മേഖലയില്‍ നിന്നുമാണ്. ആഗോള പരുത്തി ഉത്പാദനത്തിന്റെ 23% സംഭാവന ചെയ്യുന്ന ഏറ്റവും വലിയ പരുത്തി ഉത്പാദകരാണ് ഇന്ത്യ. പ്രത്യക്ഷമായും പരോക്ഷമായും 65 ലക്ഷം ആളുകള്‍ ഈ മേഖലയെ ആശ്രയിച്ച്‌ ജീവിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button