IndiaKeralaLatest

അമേരിക്കന്‍ സ്റ്റേറ്റ് ഐ.ടിയെ ഇനി മലയാളി നയിക്കും

“Manju”

ശ്രീകണ്ഠപുരം: അമേരിക്കയുടെ ഐ.ടി വകുപ്പില്‍ നിര്‍ണായക സ്ഥാനത്ത് കണ്ണൂര്‍ നടുവില്‍ സ്വദേശി. യു.എസിലെ ടെക്സസില്‍ പുതുതായി രൂപവത്കരിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് റോബോട്ടിക്സ് സെന്‍റര്‍ ഓഫ് എക്സലന്‍സിനെയും സ്റ്റേറ്റ് എന്‍റര്‍പ്രൈസ് ഐ.ടി സൊലൂഷന്‍ സര്‍വിസസിനെയുമാണ് ഇനി കണ്ണൂരുകാരന്‍ നയിക്കുക. കണ്ണൂര്‍ നടുവില്‍ സ്വദേശി വി.ഇ. കൃഷ്ണകുമാറാണ് ഈ പദവിയിലെത്തിയ മലയാളി. സ്റ്റേറ്റ് ഐ.ടി ഇന്നവേഷന്‍ വക്താവായും ഇദ്ദേഹം പ്രവര്‍ത്തിക്കും.
181 ടെക്സസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റുകളിലും 3500 പൊതുസ്ഥാപനങ്ങളിലും നൂതന വിവര സാങ്കേതികവിദ്യ എത്തിക്കുകയാണ് മുഖ്യ ഉത്തരവാദിത്തം. ക്ലൗഡ് കമ്ബ്യൂട്ടിങ് രംഗത്ത് ടെക്സസ് കുതിപ്പിനു പിന്നിലെ പ്രവര്‍ത്തനമികവാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് രംഗത്തെ നയിക്കാനും ഇദ്ദേഹത്തെ നിയുക്തനാക്കിയത്. സര്‍ക്കാര്‍ ഡിജിറ്റല്‍ സേവനങ്ങള്‍ അതിവേഗം ടെക്സസിലെ ജനങ്ങളിലെത്തിക്കുകയും പദ്ധതിച്ചെലവുകള്‍ കുറക്കുകയുമാണ് ലക്ഷ്യമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
ബോസ്റ്റണിലെ എം.ഐ.ടിയില്‍നിന്ന് എക്സിക്യൂട്ടിവ് പഠനം പൂര്‍ത്തിയാക്കിയ കൃഷ്ണകുമാര്‍ കണ്‍സല്‍ട്ടിങ് ഭീമന്മാരായ അക്സെഞ്ചറില്‍ സീനിയര്‍ മാനേജര്‍, ഏപ്രില്‍ മീഡിയയില്‍ സി.ഇ.ഒ, സിലിക്കണ്‍വാലിയില്‍ ടായിയുടെ േഗ്ലാബല്‍ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായും സംരംഭകനായും മികവു തെളിയിച്ചശേഷം 2005ല്‍ സിലിക്കണ്‍വാലി ടെക്നോളജി രംഗത്തേക്ക് മാറുകയായിരുന്നു.
നടുവില്‍ എല്‍.പി സ്കൂള്‍, കഴക്കൂട്ടം സൈനിക് സ്കൂള്‍, തളിപ്പറമ്ബ് സര്‍ സയ്യിദ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നടുവില്‍ ഹൈസ്കൂള്‍ റിട്ട. പ്രധാനാധ്യാപകനും പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന കെ.പി. കേശവെന്‍റയും റിട്ട. പ്രധാനാധ്യാപിക വി.ഇ. രുഗ്മിണിയുടെയും മകനാണ്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ സജിതയാണ് ഭാര്യ. ധ്രുപദും നിരുപധുമാണ് മക്കള്‍. 21 വര്‍ഷം മുമ്ബ് അമേരിക്കയിലെത്തിയ കൃഷ്ണകുമാര്‍ ടെക്സസിലെ ആസ്റ്റിനിലാണ് താമസം.

Related Articles

Back to top button