Latest

ലൈസൻസുള്ള റെയിൽവേ പോർട്ടർമാർക്ക് സർക്കാർ സഹായം ലഭ്യം: റെയിൽവേ മന്ത്രി

“Manju”

ന്യൂഡൽഹി: പോർട്ടർമാർക്ക് വിവിധ തരത്തിലുള്ള സർക്കാർ സഹായങ്ങൾ ലഭ്യമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലൈസൻസുള്ള പോർട്ടർമാർക്കാണ് കേന്ദ്രസർക്കാർ സഹായം ലഭ്യമാക്കുന്നത്. അവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മെഡിക്കൽ സൗകര്യങ്ങൾ, സൗജന്യ വിദ്യാഭ്യാസം എന്നിവ ലഭ്യമാണെന്നും റെയിൽവേ മന്ത്രി രാജ്യസഭയിൽ അറിയിച്ചു.

റെയിൽവേയുടെ ജീവനക്കാരല്ലെങ്കിലും യാത്രക്കാരുടെ ലഗേജുകളെടുക്കാൻ ലൈസൻസ് ലഭിച്ചിട്ടുള്ള പോർട്ടർമാർക്ക് വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. റെയിൽവേയുടെ മെഡിക്കൽ ചട്ടങ്ങളിൽ നിർദേശിക്കുന്നത് പ്രകാരം റെയിൽവേ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ സൗകര്യങ്ങൾ ലഭ്യമാണ്. റെയിൽവേയുടെ തന്നെ ആശുപത്രികൾ, ഹെൽത്ത് യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് ഈ സൗകര്യം ലഭ്യമാകുക. അതേസമയം റെയിൽവേയുമായി എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ ഈ ഇളവ് ലഭിക്കുകയില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഒരു വർഷം നിർദിഷ്ട ടിക്കറ്റുകളും പോർട്ടർമാർക്ക് സൗജന്യമായി ലഭിക്കും. അർഹതപ്പെട്ടവർ താമസിക്കുന്ന വാർഡുകളിലെ സ്‌കൂളുകളിലാണ് സൗജന്യ വിദ്യാഭ്യാസം ലഭ്യമാകുക. മഹിള സമിതികൾ, റെയിൽവേയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പോർട്ടർമാരുടെ കുട്ടികൾക്ക് വേണ്ട വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

എല്ലാ സ്റ്റേഷനുകളിലും 50-ലധികം കൂലികൾക്ക് കഴിയാൻ വേണ്ട വിശ്രമമുറി സൗകര്യവും ലഭ്യമാണ്. നിലവിൽ ലൈസൻസുള്ള 19,903 പോർട്ടർമാരാണ് റെയിൽവേയുടെ ഭാഗമായി ജോലിചെയ്യുന്നതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

 

 

Related Articles

Back to top button