Kerala

കണ്ണൂർ വിസി പുനർനിയമനം: ഗവർണർക്കും സംസ്ഥാന സർക്കാരിനും നോട്ടീസ്

“Manju”

ന്യൂഡൽഹി : കണ്ണൂർ സർവകലാശാല വിസി പുനർനിയമനത്തിനെതിരായി ഹർജിയിൽ ചാൻസലർ കൂടിയായി ഗവർണർക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. സംസ്ഥാന സർക്കാർ, കണ്ണൂർ സർവകലാശാല, വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർക്കും കോടതി നോട്ടീസ് അയച്ചു. സർവകലാശാല വിസിയായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതിനെതിരെ നൽകിയ ഹർജിയലാണ് നടപടി. ജസ്റ്റിസ് എസ്. അബ്ദുൾ നസീർ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എന്നാൽ നോട്ടീസിന് മറുപടി നൽകാൻ കോടതി സമയപരിധി നിഷ്‌കർഷിച്ചിട്ടില്ല.

വിസിയുടെ പുനർനിയമനം ശരിവച്ച ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചട്ടങ്ങൾ ലംഘിച്ചാണ് പുനർനിയമനം നടത്തിയത് എന്നും ഉത്തരവിൽ ഒപ്പിടാൻ ഗവർണർക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നതായും ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

വിസിയെ നീക്കാൻ നിർദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും നേരത്തെ തള്ളിയിരുന്നു. പുനർനിയമനം ചട്ടപ്രകാരമാണെന്നാണ് കോടതി പറഞ്ഞത്. വിസിയുടെ പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിൽ വാക്കുതർക്കവും നടന്നിരുന്നു. ഇങ്ങനെ പ്രവർത്തിക്കാനാകില്ലെന്നും സംസ്ഥാനത്തെ ചാൻസലർ പദവി ഒഴിയുമെന്നും ഗവർണർ തുറന്നടിക്കുകയുമുണ്ടായി. പുനർനിയമനം നടത്താൻ തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നെന്നും ഗവർണർ വെളിപ്പെടുത്തിയിരുന്നു.

 

Related Articles

Back to top button