KeralaLatest

മാതൃകയായി അഞ്ചംഗ വിദ്യാര്‍ത്ഥി സംഘം

വഴിയില്‍ കിടന്നുകിട്ടിയത് 3 പവന്റെ മാല

“Manju”

പത്തനാപുരം: സ്‌കൂളില്‍ പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് വാങ്ങി മടങ്ങുകയായിരുന്നു ആ അഞ്ചു പേര്‍. ആദിത്യന്‍, വിഷ്ണു,രാഹുല്‍, വിശാല്‍, അജിത്ത്. തൊട്ടുമുന്നിലെ റോഡില്‍ എന്തോ തിളങ്ങുന്നത് കണ്ടത് ആദിത്യനും വിഷ്ണുവുമായിരുന്നു. അവര്‍ അതെടുത്തു നോക്കി.
പത്തനാപുരം കെആര്‍എംഎം ഹൈസ്‌കൂളില്‍ നിന്നും പത്താം ക്ലാസ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് വാങ്ങി മടങ്ങുമ്ബോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് പവന്‍ തൂക്കം വരുന്ന മാല ലഭിച്ചത്. ചിലവന്നൂര്‍ പടി ഭാഗത്തു വച്ച്‌ അഞ്ചംഗ സംഘത്തിലെ ആദിത്യന്‍, വിഷ്ണു എന്നിവര്‍ക്കാണ് മാല കിട്ടിയത്. ഒപ്പമുണ്ടായിരുന്ന രാഹുല്‍, വിശാല്‍, അജിത്ത് എന്നിവരും ചേര്‍ന്ന് സ്വര്‍ണമാണെന്ന് പരിശോധിച്ച്‌ ഉറപ്പിച്ചു.
തുടര്‍ന്ന് പ്രദേശത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ സഹായത്തോടെ പത്തനാപുരം പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അന്നേ ദിവസം കടയ്ക്കാമണ്‍ കോളനിയിലെ തന്നെ മോഹനന്‍-സുനിത ദമ്ബതികളുടെ മകള്‍ അരുണിമയുടെ മാല നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിരുന്നു. അരുണിമ സഹോദരന്‍ അശ്വിനൊപ്പം സ്‌കൂട്ടറില്‍ സ്‌ക്കൂളില്‍ നിന്നും മടങ്ങുമ്ബോഴാണ് മാല നഷ്ടമായത്. അടയാളങ്ങള്‍ തിരിച്ചറിഞ്ഞതോടെ മാല അരുണിമയുടെതാണെന്ന് ബോദ്ധ്യപ്പെട്ട പൊലീസ് അത് കൈമാറി.
മാല നഷ്ടപ്പെട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നിയെന്നും തന്റെ സുഹൃത്തുക്കള്‍ മുഖേനെ അത് തിരികെ കിട്ടിയതില്‍ ഒരു പാട് സന്തോഷവും നന്ദിയുമുണ്ടെന്നും അരുണിമ പറഞ്ഞു. കുട്ടികള്‍ പൊതു സമൂഹത്തിനാകെ ഒരു വലിയ സന്ദേശമാണ് ഈ പ്രവൃത്തിയിലൂടെ നല്‍കിയതെന്ന് പത്തനാപുരം സ്റ്റേഷന്‍ ഓഫീസര്‍ ജയകൃഷ്ണന്‍ പറഞ്ഞു. എസ്‌ഐ രാജേഷായിരുന്നു കുട്ടികളുമായി ബന്ധപ്പെട്ട് മാല സ്വീകരിച്ചതും അരുണിമയ്ക്ക് കൈമാറിയതും.
കുട്ടികളുടെ സത്യസന്ധതക്ക് അഭിനന്ദനങ്ങളുമായി നിരവധി വ്യക്തികളും സംഘടനകളും ഇതിനകം കടക്കാമണ്‍ അംബേദ്കര്‍ കോളനിയിലെത്തി. ബിജെപി പട്ടികജാതി മോര്‍ച്ചാ ഭാരവാഹികള്‍ മധുര പലഹാരങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികളെ ആദരിച്ചു.

Related Articles

Back to top button