InternationalLatest

യുവാക്കളെ കീഴടക്കി ‘ഡിജിറ്റല്‍ മയക്കുമരുന്ന്’

“Manju”

 

യാഥാര്‍ഥ്യങ്ങളില്‍ നിന്ന് രക്ഷപെടാന്‍ കാലാകാലങ്ങളില്‍ മനസിനെ മയക്കാനുള്ള പലതരം മയക്കു മരുന്നുകളും മനുഷ്യന്‍ ഉപയോഗിച്ചിട്ടുണ്ട്. മണത്തും വലിച്ചും നക്കിയും ചവച്ചും കുത്തിവച്ചുമെല്ലാം പലരീതിയില്‍ ഉപയോഗിച്ച്‌ മനസിനെ മയക്കാറുണ്ട്. നിലവിലെ ഡിജിറ്റല്‍ യുഗത്തില്‍ മയക്കുമരുന്നും ഡിജിറ്റലാവുകയാണ്.
വൈരുധ്യമുള്ള തരംഗദൈര്‍ഘ്യത്തിലുള്ള ശബ്ദങ്ങളെ ഉച്ചത്തില്‍ കേട്ടുകൊണ്ട് മനസിനെ മയക്കുന്ന രീതിയെക്കുറിച്ചാണ് പുതിയ പഠനം പറയുന്നത്. ഇങ്ങനെ ചെയ്യുന്നതുവഴി വേദന കുറയ്ക്കാനും ഓര്‍മശക്തി കൂട്ടാനും ആശങ്കയും ആകുലതകളും വിഷാദവും കുറയ്ക്കാനും കഴിയുന്നുവെന്നാണ് പലരുടെയും അവകാശവാദം. ഓസ്‌ട്രേലിയയില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള ഗവേഷകരാണ് 2021 ഗ്ലോബല്‍ ഡ്രഗ് സര്‍വേ എന്നു പേരിട്ടിരിക്കുന്ന സര്‍വേക്ക് പിന്നിലുള്ളത്. 22 രാജ്യങ്ങളില്‍ നിന്നായി 30,000 ത്തോളം പേരില്‍ നടത്തിയ വിപുലമായ പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇവരുടെ സര്‍വേയില്‍ പങ്കെടുത്തവരില്‍ അഞ്ചു ശതമാനം പേരെങ്കിലും വൈരുദ്ധ്യമുള്ള ശബ്ദതരംഗങ്ങള്‍ ആസ്വദിക്കുന്ന ശീലമുള്ളവരാണ്. കൗമാരക്കാരും ഇരുപതുകളിലുള്ളവരുമാണ് ഇവരില്‍ മുന്നിലുള്ളത്. നേരത്തേ എംഡിഎംഎയും കഞ്ചാവുമൊക്കെ ഉപയോഗിച്ച്‌ പരിചയമുള്ളവരാണ് ഇവരെന്നതും പ്രശ്‌നത്തിന്റെ ആഴം കൂട്ടുന്നു.
ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരം സാധ്യതകള്‍ കൂടുമെങ്കിലും വ്യത്യസ്തമായ ശബ്ദങ്ങള്‍ ഒരാള്‍ തന്നെ ഇരു ചെവികളിലൂടെയും കേള്‍ക്കുന്ന രീതി പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ തന്നെ പ്രചാരത്തിലുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വരവ് ഇത്തരം സംവിധാനങ്ങള്‍ വളരെയെളുപ്പത്തില്‍ ലോകത്തെവിടെയും എത്തിക്കാന്‍ സഹായിക്കുകയാണുണ്ടായത്.
ഉദാഹരണത്തിന് ഒരു ചെവിയില്‍ 400 ഹെട്‌സും മറ്റേ ചെവിയില്‍ 440 ഹെട്‌സും ആവൃത്തിയുള്ള ശബ്ദം കേള്‍പ്പിക്കുകയാണെന്ന് കരുതുക. ഈ ശബ്ദങ്ങള്‍ കേള്‍ക്കുന്നതിനൊപ്പം തലച്ചോറിന്റെ സങ്കീര്‍ണമായ ഉള്ളറകളിലെവിടെയോ ഒരു മുഴക്കവും കേള്‍ക്കാനാകും. ഇത് സാധാരണ ഉറങ്ങികിടക്കുന്ന തലച്ചോറിലെ ഭാഗങ്ങളെയും ഉത്തേജിപ്പിക്കും. ഫലത്തില്‍ മാനസിക പിരിമുറക്കവും വിഷാദവും കുറയ്ക്കാന്‍ ഇത് സഹായിച്ചേക്കും. ഇതാണ് സിദ്ധാന്തമെങ്കിലും പ്രായോഗിക തലത്തില്‍ ഫലങ്ങള്‍ പലതാണ്.
മനുഷ്യന്റെ മാനസികാവസ്ഥയെ സ്വാധീനിക്കാന്‍ കഴിയുന്നുണ്ട് ഇത്തരം സംഗീതത്തിന്. വ്യത്യസ്ത ടോണിലുള്ള ശബ്ദങ്ങള്‍ കേള്‍പിച്ചവരില്‍ 12 ശതമാനം പേരും തങ്ങള്‍ക്ക് ആശ്വാസവും ആനന്ദവും ലഭിച്ചുവെന്നാണ് പറഞ്ഞത് എന്നതും ശ്രദ്ധേയം.
‘ഡിജിറ്റല്‍ മയക്കുമരുന്നുകളായി വ്യത്യസ്ത ആവൃത്തിയിലുള്ള സംഗീതം ഉപയോഗിക്കുന്നുവെന്നത് പുതിയ കാര്യമാണ്. ഉറക്കത്തിനും വേദനകള്‍ മറക്കാനുമുള്ള ആശ്രയമായാണ് പലരും ഇതിനെ കാണുന്നതെന്ന് ഓസ്‌ട്രേലിയയിലെ ആര്‍എംഐടി സര്‍വകലാശാലയിലെ സോഷ്യല്‍ സയന്റിസ്റ്റും പഠന സംഘത്തിലെ അംഗവുമായ മോണിക്ക ബരാത്ത് പറയുന്നു. ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ റിവ്യൂവിലാണ് പഠനം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Related Articles

Back to top button