KeralaLatest

പാചകത്തിന്‌ 
‍ ഇനി സോളാര്‍ സ്‌റ്റൗ റെഡി

“Manju”

കോഴിക്കോട്‌ : ഇന്ധന വിലവര്‍ധന പ്രതിസന്ധിയിലാക്കുന്ന കുടുംബങ്ങള്‍ക്ക്‌ ആശ്വാസമായി ‘സ്മാര്‍ട്ട് സോളാര്‍ സ്റ്റൗ’.
എന്‍ഐടി ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്‌ വിഭാഗത്തിലെ ഗവേഷകരാണ്‌ ഇതിന്‌ പിന്നില്‍. പ്രവര്‍ത്തന ചെലവില്ലാത്തതും ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായ ഒന്നാണിത്‌. കോഴിക്കോട് എന്‍ഐടി ഇന്‍ഡസ്ട്രിയല്‍ പവര്‍ റിസര്‍ച്ച്‌ ലബോറട്ടറികളില്‍ ഉല്‍പ്പന്നത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തി.
സോളാര്‍ സ്റ്റൗവിന്റെ രണ്ട്‌ മോഡലുകളുണ്ട്. ഗാര്‍ഹിക ആവശ്യത്തിന്‌ അനുയോജ്യമായ ആദ്യ മോഡലില്‍, സിംഗിള്‍, ഡബിള്‍ സ്റ്റൗ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് സൂര്യനുകീഴില്‍ ഉപയോഗിക്കാം. എല്‍പിജി-യെ ആശ്രയിക്കുന്നത്‌ ഒഴിവാക്കാം. എല്‍ഇഡി വിളക്ക് ബന്ധിപ്പിക്കാനുള്ള സംവിധാനവുമുണ്ട്‌.
യാത്രകളിലും ഈ സ്‌റ്റൗ ഉപയോഗിക്കാം.
സോളാര്‍ പാനലുള്ള സിംഗിള്‍ സ്റ്റൗവിന്റെ ചെലവ് ഏകദേശം 10,000 രൂപയും ഡബിള്‍ സ്റ്റൗവിന് ഏകദേശം 15000 രൂപയുമാണ്.
രണ്ടാമത്തെ മോഡലില്‍, വെയില്‍ ഇല്ലാത്ത സമയങ്ങളില്‍ പാചകസമയം നീട്ടാന്‍ കണ്‍ട്രോള്‍ യൂണിറ്റിനൊപ്പം ഒരു ബാറ്ററിയും ഉള്‍പ്പെടുത്താം. ഈ ‘സ്മാര്‍ട്ട് സോളാര്‍ സ്റ്റൗ’ ഉപയോഗത്തിലൂടെ ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 12,000 രൂപ ലാഭിക്കാം.
എന്‍ഐടിയിലെ സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ചെയര്‍മാന്‍ പ്രൊഫ. എസ്‌ അശോക് എസ് ആണ് പദ്ധതിക്ക്‌ നേതൃത്വംനല്‍കുന്നത്‌. “സ്മാര്‍ട്ട് സോളാര്‍ സ്റ്റൗവിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനുള്ള സാങ്കേതികവിദ്യ കൈമാറാന്‍ നിരവധി വ്യവസായ സ്ഥാപനങ്ങള്‍ താല്‍പ്പര്യപ്പെടുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

Related Articles

Back to top button