IndiaKeralaLatestThiruvananthapuram

കോവിഡ് വ്യാപനം; കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരം

“Manju”

സിന്ധുമോള്‍ ആര്‍

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ വൈറസ് വ്യാപനത്തെ പിടിച്ചുനിര്‍ത്തിയ കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരമാകുന്നു. രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറി. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 40,000 ത്തിലധികം കേസുകളാണ്. സംസ്ഥാനം രണ്ടാം വ്യാപനത്തിന്റെ വക്കിലാണെന്ന് ആരോഗ്യ മന്ത്രിക്ക് പറയേണ്ടി വന്നത് ഇതുകൊണ്ടാണ്.

പരിശോധന നടത്തുന്നവരില്‍ രോഗികളാക്കപ്പെടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധന ഉണ്ടാകുകയാണ്. 11.9 ശതമാനമാണ് കേരളത്തിലെ പോസിറ്റിവിറ്റി റേറ്റ്. ദേശീയ ശരശാരി എട്ട് ശതമാനമായിരിക്കുമ്പോഴാണ് ഇത്. സംസ്ഥാനത്ത് ഇതുവരെ 678 പേരാണ് മരിച്ചത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ ജനസംഖ്യ സാന്ദ്രത ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. ഒരു കിലോമീറ്ററില്‍ കേരളത്തില്‍ ഉള്ളത് 860 ആളുകളാണ് കേരളത്തിലുള്ളത്. ഇതുകൊണ്ട് തന്നെ രോഗ വ്യാപന സാധ്യത വളരെ കൂടുതലാണ്. ഇതിന് പുറമെ വയോജനങ്ങളുടെ അനുപാതവും കേരളത്തില്‍ കൂടുതലാണ്. 60 വയസ്സിന് മുകളിലുള്ളവരുടെ ശതമാനം കേരളത്തില്‍ 15 ആണ്. ഈ പരിസ്ഥിതിയിലും കേരളത്തില്‍ മരണനിരക്ക് ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ നിരക്കില്‍ രോഗികള്‍ വര്‍ധിച്ചാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ള ആദ്യ പത്ത് സംസ്ഥനങ്ങളില്‍ ഒന്നായി കേരളം മാറുമെന്നാണ് ആശങ്ക. കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന നിരക്ക് 3.51 ശതമാനമാണ്. ദേശീയ ശരാശരി 1.53 ശതമാനം മാത്രമാണ്. കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കേരളത്തെക്കാള്‍ ആക്ടിവ് കേസുകള്‍ ഉള്ളത്.

മറ്റ് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനത്തിന്റെ തോത് കുറഞ്ഞു തുടങ്ങുന്നുവെന്ന സൂചന ലഭ്യമാകുമ്പോഴാണ് കേരളത്തില്‍ വലിയ തോതില്‍ വര്‍ധനയുണ്ടാകുന്നത്. അടുത്തമാസം അവസാനം വരെ ഈ അവസ്ഥ തുടരുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ കരുതുന്നത്. ഞായറാഴ്ച 7445 രോഗികളാണ് കേരളത്തില്‍ പുതുതായി ഉണ്ടായിത്. 21 പേര്‍ക്കാണ് ഞായറാഴ്ച ജീവന്‍ നഷ്ടമായത്. ഇന്നലെ 54,493 പേര്‍ക്കാണ് രോഗ പരിശോധന നടത്തിയത്. ഇതിനകം 27,71,533 പേര്‍ക്കാണ് സംസ്ഥാനത്ത് ടെസ്റ്റ് നടത്തിയത്.

രാജ്യത്ത് രോഗികളുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. 11 ദിവസം കൊണ്ടാണ് 10 ലക്ഷം രോഗികള്‍ ഉണ്ടായത്. രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലക്ഷത്തോട് അടുക്കുകയാണ്. ലോകത്ത് രോഗികളായവരില്‍ 3.1 ശതമാനം ആളുകള്‍ മരിക്കുമ്പോള്‍ ഇന്ത്യയില്‍ അത് 1.6 ശതമാനം മാത്രമാണ്. എന്നാല്‍ സെപ്റ്റംബര്‍ മാസത്തില്‍ മരണനിരക്കില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടുണ്ട്.

Related Articles

Back to top button