KeralaLatest

കുന്നംകുളംകാരന്റെ ബുള്ളറ്റ് പ്രൂഫ് സൈനികവാഹനം

“Manju”

തൃശൂര്‍: വെടിയുണ്ടയെ പ്രതിരോധിക്കുന്ന ബുള്ളറ്റ് പ്രൂഫ് സൈനികവാഹനം തദ്ദേശീയമായി നിര്‍മ്മിച്ച്‌ രാജ്യത്തെ സായുധസേനയുടെയും പൊലീസ് സംവിധാനത്തിന്റെയും ഭാഗമാക്കാനുള്ള ശ്രമത്തിലാണ് കുന്നംകുളം അയിനൂര്‍ കോടത്തൂര്‍ വീട്ടില്‍ സജീവന്‍.

യു.എ.ഇയില്‍ ഒന്നരപതിറ്റാണ്ടിലേറെ ഈ രംഗത്ത് അനുഭവ പരിചയമുള്ള സജീവന്‍ കുന്നംകുളം അയിനൂരിലെ സ്വന്തം ഗ്യാരേജില്‍ ഇത്തരമൊരു വാഹനം നിര്‍മ്മിച്ച്‌ ജമ്മുകാശ്മീര്‍, ആന്ധ്ര എന്നിവിടങ്ങളിലെ ഭരണാധികാരികളുമായി ആശയവിനിമയം നടത്തിക്കഴിഞ്ഞു. ജമ്മു കശ്മീരിലെ പൊലീസ് ഐ.ജി കശ്മീരിലേക്ക് വാഹനവുമായെത്താന്‍ ക്ഷണിച്ചിട്ടുണ്ട്. കേരളസര്‍ക്കാരുമായും ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

20 വര്‍ഷത്തോളം യു.എ.ഇയിലെ റാസ് അല്‍ ഖൈമയില്‍ 20 ഓളം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഇദ്ദേഹം പൊലീസിനായി നിര്‍മ്മിച്ചിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും ഇറാഖിലേക്കും ഇത്തരത്തിലുള്ള വാഹനങ്ങള്‍ കയറ്റി അയച്ചിട്ടുണ്ട്. പിന്നീട് സേഫ് കേജ് ആര്‍മര്‍ വര്‍ക്സ് എന്ന പേരില്‍ പങ്കാളിത്ത സ്ഥാപനം തുടങ്ങിയ അദ്ദേഹം ക്വാളിറ്റി പ്രൊഡ്ക്‌ട്സ് ആന്‍ഡ് ആര്‍മര്‍ സൊല്യൂഷന്‍ (ക്യു പാസ്) എന്ന പേരില്‍ സ്വന്തമായി സ്ഥാപനം 2017 വരെ പ്രവര്‍ത്തിപ്പിച്ചു. പിന്നീട് മൂന്നരവര്‍ഷം മുമ്പ് നാട്ടിലെത്തി സംരംഭം ആരംഭിക്കാന്‍ ശ്രമിച്ചപ്പോഴാണ് ലോക്ഡൗണെത്തിയത്.

വിദേശ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ ഇത്തരം വാഹനം കയറ്റി അയക്കാനായാല്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഒരു കൈ സഹായമാകുമെന്നാണ് സജീവന്റെ പ്രതീക്ഷ. ഇത്തരം വാഹനങ്ങള്‍ നിര്‍മ്മിക്കാനും രൂപമാറ്റം വരുത്താനും കയറ്റുമതി ചെയ്യാനും ഇതിനായി വാഹനങ്ങളും ഘടകഭാഗങ്ങളും ഇറക്കുമതി ചെയ്യാനും എല്ലാ ലൈസന്‍സും ഇക്കാലയളവിനിടെ നേടി. വി.ഐ.പികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള തരം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും ഇവിടെ നിര്‍മ്മിക്കാനാകുമെന്ന് സജീവന്‍ പറഞ്ഞു.

Related Articles

Back to top button