India

കല്ലേറുകാരുടെ വീടുകൾ തകർത്തത് ശരിയായില്ല; വൃന്ദാ കാരാട്ട്

“Manju”

ന്യൂഡൽഹി: രാമനവമിയോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയ്‌ക്ക് നേരെ കല്ലെറിഞ്ഞവരുടെ അനധികൃത വീടുകളും കടകളും തകർത്ത മദ്ധ്യപ്രദേശ് പോലീസിന്റെ നടപടി ശരിയായില്ലെന്ന് സിപിഎം പിബി അംഗം വൃന്ദാ കാരാട്ട്. ഒരാൾ കലാപകാരിയാണെന്ന് ആരാണ് തീരുമാനിക്കുകയെന്നായിരുന്നു വൃന്ദയുടെ ചോദ്യം. അതേസമയം സമാധാനപരമായി നടത്തിയ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ കല്ലും കമ്പും വലിച്ചെറിഞ്ഞ മതതീവ്രവാദികളുടെ നടപടിയെക്കുറിച്ച് വൃന്ദ പ്രതികരിച്ചില്ല.

ബുൾഡോസർ തകർക്കുന്നത് വീടുകളും വസ്തുക്കളും മാത്രമല്ല നിയമം കൂടിയാണെന്ന് വൃന്ദ പറയുന്നു. ഭരണഘടനയ്‌ക്ക് മീതെയാണ് ബുൾഡോസർ കയറ്റുന്നത്. അനധികൃത നിർമാണമാണെങ്കിൽ നോട്ടീസ് നൽകുകയാണ് വേണ്ടതെന്നും വൃന്ദാ കാരാട്ട് പറയുന്നു. നോട്ടീസ് നൽകാതെ വീടുകളു കടകളും ഇടിച്ചുകളയാൻ ആരാണ് അധികാരം നൽകിയതെന്നും മദ്ധ്യപ്രദേശ് സർക്കാരിനോട് വൃന്ദാ കാരാട്ട് ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് രാമനവമിയുമായി ബന്ധപ്പെട്ട് നടന്ന ഘോഷയാത്രയ്‌ക്ക് നേരെ മദ്ധ്യപ്രദേശിലെ ഖാർഗോണിൽ മത തീവ്രവാദികളുടെ കല്ലേറ് ഉണ്ടായത്. സമാധാനമായി രാമമന്ത്രം ജപിച്ച് നടന്ന ഘോഷയാത്രയ്‌ക്ക് നേരെ ഈ മേഖലയിൽ എത്തിയപ്പോൾ ആൾക്കൂട്ടം സംഘടിച്ച് കല്ലെറിയുകയായിരുന്നു.

ഇതിന് ശേഷം പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങൾക്കും അക്രമികൾ തീവെച്ചു. പോലീസുകാർക്കും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കല്ലേറുണ്ടായ പ്രദേശത്ത് അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ മദ്ധ്യപ്രദേശ് പോലീസ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.

ഖാസ്‌കാസ് ബാദി മേഖലയിലെ 12 വീടുകളും 10 കടകളും മോഹൻ ടാക്കീസിന് സമീപമുളള നാല് വീടുകളും 3 കടകളും തലാബ് ചൗക്കിലെ 12 കടകളും ഔറംഗ്പുരയിലെ മൂന്ന് കടകളുമാണ് പൊളിച്ചുനീക്കിയത്.

Related Articles

Back to top button