IndiaLatest

ഒരു ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ ഉയരുന്നതായി പുതിയ കണക്കുകള്‍

“Manju”

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ഒരു പരിധിവരെ കുറഞ്ഞുവരുന്നതിന്റെ ആശ്വാസത്തിലായിരുന്നു ജനങ്ങള്‍. നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയതോടെ അത്രയും നാള്‍ നിയന്ത്രണങ്ങളുടെ ശ്വാസമുട്ടലില്‍ കഴിഞ്ഞിരുന്നതിനാല്‍ പഴയ രീതിയിലേക്ക് മാറിത്തുടങ്ങുകയായിരുന്നു ജനങ്ങള്‍. മഹാമാരി ഒന്നുകെട്ട‌ങ്ങി എന്ന ആശ്വാസത്തിലിരുന്നെങ്കില്‍ ആ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ എത്തുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ ഉയരുന്നതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത് ഡല്‍ഹിയിലും മുംബൈയിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ 50 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ മുംബൈയില്‍ കേസുകളുടെ എണ്ണം മൂന്ന് മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്.
ബുധനാഴ്ച ഡല്‍ഹിയില്‍ 299 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കഴിഞ്ഞദിവസം ഇത് 202 ആയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.49 ശതമാനമായി ഉയര്‍ന്നതായി ഡല്‍ഹി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ കോവിഡ് കേസുകളില്‍ മൂന്ന് ദിവസത്തിനിടെ മൂന്ന് മടങ്ങിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച 26 കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച ആയപ്പോള്‍ ഇത് 73 ആയി വര്‍ധിച്ചതായി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.73 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞദിവസം ഇത് 0.5 ശതമാനമായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ബിഎംസി വ്യക്തമാക്കുന്നത്. ജനുവരി 13നാണ് അടുത്തിടെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കണക്ക് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.
അന്ന് 28,867 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.ഇപ്പോള്‍ കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന നേരിയതാണ്. എന്നാല്‍ മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് അനുവദിച്ചത് കോവിഡ് കേസുകള്‍ ഉയരാന്‍ കാരണമായതായുള്ള വാദങ്ങള്‍ ബിഎംസി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതിനെത്തുടര്‍ന്ന് ഡല്‍ഹി അടുത്തിടെ മാസ്‌ക് ധരിക്കാത്തതിനു ചുമത്തിയിരുന്ന പിഴ ഒഴിവാക്കിയിരുന്നു. ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഥോറിറ്റി ഔദ്യോഗികമായി മാസ്‌കുകള്‍ നിര്‍ബന്ധമല്ലെന്നു പറഞ്ഞിട്ടില്ലെങ്കിലും 500 രൂപ പിഴ ചുമത്തുന്നത് ഒഴിവാക്കുകയായിരുന്നു.

Related Articles

Back to top button