KeralaLatest

മെഗാ പ്രദര്‍ശന വിപണന മേള ഇന്ന് മുതല്‍

“Manju”

തൃശൂര്‍: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേളയ്‌ക്ക്‌ തൃശൂരില്‍ തിങ്കളാഴ്‌ച തുടക്കം. പ്രദര്‍ശന കവാടം കുതിരാന്‍ തുരങ്കത്തിന്റെ മാതൃകയാണ്. ഒന്നിലൂടെ പ്രവേശിച്ച്‌ മറ്റൊരു തുരങ്കത്തിലൂടെ പുറത്തുവരുന്ന രീതിയിലാണ്‌ സജ്ജീകരണം. 24 വരെയാണ്‌ പ്രദര്‍ശനം. വൈകീട്ട്‌ നാലിന്‌ തൃശൂര്‍ റൗണ്ടില്‍ ഘോഷയാത്രയോടെയാണ് തുടക്കം. അഞ്ചിന് വിദ്യാര്‍ഥി കോര്‍ണറില്‍ ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കും.

കേരളത്തെ അറിയാന്‍ എന്ന പവലിയനാണ്‌ ആദ്യം. പുത്തൂരില്‍ ഒരുങ്ങുന്ന സുവോളജിക്കല്‍ പാര്‍ക്കിന്റെ മാതൃകയുമുണ്ട്‌. നൂറോളം കൊമേഷ്‌സ്യല്‍ സ്റ്റാളുകള്‍ ഉള്‍പ്പെടെ 180 ലേറെ സ്റ്റാളുകളുണ്ടാകും. സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള ഉല്‍പ്പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്‍പ്പന്നങ്ങളുമാണ് എത്തുക.

ഉദ്ഘാടന ചടങ്ങിനുശേഷം പ്രസീദ ചാലക്കുടിയും സംഘവും നാടന്‍പാട്ട് മേള അവതരിപ്പിക്കും. 19ന്‌ വൈകിട്ട് 4.30 മുതല്‍ കഥാപ്രസംഗം, 7ന്‌ ജോബ് കുര്യന്റെ മ്യൂസിക് ഷോ. 20ന് വൈകിട്ട് 5മുതല്‍ വജ്ര ജൂബിലി കലാകാരന്‍മാരുടെ വാദ്യകലാ ഫ്യൂഷന്‍, 7 മുതല്‍ വജ്ര ജൂബിലി കലാകാരന്‍മാരുടെ മോഹിനിയാട്ടം. 21ന് 5 മുതല്‍ ചവിട്ടുനാടകം, 7മുതല്‍ അക്രോബാറ്റിക് ഡാന്‍സ്. 22 ന് 5 മുതല്‍ ഏകപാത്ര നാടകം, 7 മുതല്‍ ഗാനമേള. 23ന് 4.30 മുതല്‍ വജ്ര ജൂബിലി കലാകാരന്‍മാരുടെ തുള്ളല്‍ ത്രയം, 7 മുതല്‍ സമിര്‍ സിന്‍സിയുടെ സൂഫി സംഗീതവും ഖവാലിയും. 24 ന് സൗപര്‍ണിക തിരുവനന്തപുരത്തിന്റെ നാടകം ഇതിഹാസം.

കുടുംബശ്രീ ഫുഡ്‌കോര്‍ട്ട്‌, മില്‍മ, ജയില്‍, കെടിഡിസി പവലിയനുകളുമുണ്ട്‌. കേരളത്തിന്റെ ചരിത്രം, വര്‍ത്തമാനം, ഭാവി എന്നിവയെ പുതുതലമുറഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്നതാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കുന്ന എന്റെ കേരളം തീം പവലിയന്‍. കിഫ്ബിയുടെ പ്രത്യേക പവലിയനും ഒരുക്കിയിട്ടുണ്ട്. റോബോട്ടിക്‌സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി പ്രിന്റിങ് ടെക്‌നോളജി തുടങ്ങിയവ പരിചയപ്പെടുത്തുന്നതാണ് ടെക്‌നോളജി പവലിയന്‍.

കാര്‍ഷിക വികസന വകുപ്പിന്റെ സ്റ്റാളുകള്‍ക്ക് പുറമെ, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഔട്ട്‌ഡോര്‍ ഡിസ്‌പ്ലേയും സജ്ജീകരിച്ചിട്ടുണ്ട്. ചൊവ്വ മുതല്‍ ആറ് ദിവസങ്ങളിലും രണ്ട് സെഷനുകളിലായി സെമിനാറുകളും സംഘടിപ്പിക്കും. ദിവസവും കലാവിരുന്ന്‌ മേള നടക്കുന്ന ദിവസങ്ങളില്‍ വൈകിട്ട്‌ സംഗീത, കലാപരിപാടികള്‍ അവതരിപ്പിക്കും.

Related Articles

Back to top button