IndiaLatest

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം

“Manju”

മുംബൈ : ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ വിഷയത്തില്‍ കര്‍ശന നിലപാടുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതിയോടുകൂടി മാത്രമേ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.‌
വിഷയത്തില്‍ മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചേക്കും. ആഭ്യന്തരമന്ത്രി ദിലിപ് വല്‍സേ ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ എല്ലാ പോലീസ് കമ്മീഷണര്‍മാര്‍ക്കും വിഷയത്തില്‍ നിര്‍ദേശം നല്‍കും. നാസികില്‍ കഴിഞ്ഞ ദിവസം തന്നെ എല്ലാ ആരാധനാലയങ്ങളും ഉച്ചഭാഷിണികള്‍ക്കായി അനുമതി എടുക്കണമെന്ന് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

മെയ് മൂന്ന് ആണ് ആരാധനാലയങ്ങള്‍ക്ക് അനുമതി എടുക്കാനുള്ള അവസാന തിയ്യതി. അതിന് ശേഷം അനുമതിയില്ലാത്ത ഉച്ചഭാഷിണികള്‍ പോലീസ് നീക്കം ചെയ്യും. അനുമതി നല്‍കിയിട്ടുള്ളതില്‍ കൂടുതല്‍ ശബ്ദത്തില്‍ എവിടെയെങ്കിലും ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചാല്‍ പോലീസ് അന്വേഷണം നടത്തി നടപടി സ്വീകരിക്കും.
മുസ്ലിം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്.) നേതാവ് രാജ് താക്കറെ ആവശ്യപ്പെട്ടത് സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഉച്ചഭാഷിണികള്‍ നീക്കംചെയ്തില്ലെങ്കില്‍ മുസ്ലിം പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ പ്രക്ഷേപണം ചെയ്യുമെന്നും താക്കറെ ഭീഷണി മുഴക്കിയിരുന്നു.

ഭീഷണികളോട് ശക്തമായി പ്രതികരിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി. അമ്പലത്തില്‍ നിന്നോ പള്ളികളില്‍ നിന്നോ ഉച്ചഭാഷിണികള്‍ നീക്കംചെയ്യില്ലെന്ന് വ്യക്തമാക്കിയ ആഭ്യന്തരമന്ത്രി ദിലിപ് വല്‍സേ, ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും പറഞ്ഞിരുന്നു. പള്ളികളിലെ ഉച്ചഭാഷിണി നീക്കുന്നതിനുപകരം വിലക്കയറ്റത്തെക്കുറിച്ചുള്ള പ്രക്ഷേപണമാണ് ആവശ്യമെന്ന് പരിഹാസവുമായി ശിവസേനാ നേതാവ് ആദിത്യ താക്കറെയും രംഗത്തെത്തിയിരുന്നു.

Related Articles

Back to top button