KeralaLatest

‘എനിക്ക് സ്കൂളില്‍ പോയി പഠിക്കണം’ : മുഖ്യമന്ത്രിക്ക് ഏഴാം ക്ളാസുകാരിയുടെ കത്ത്

“Manju”

ആലുവ: കാലങ്ങളായി തകര്‍ന്നും ഇടുങ്ങിയതുമായ വഴി അറ്റകുറ്റപ്പണി നടത്താത്ത പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ഇതേവഴിയില്‍ വീണ് ഇടുപ്പ് ജോയിന്റ് തകരാറിലായ ഏഴാം ക്ളാസുകാരി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെഴുതിയ പരാതി ഹൃദയസ്പര്‍ശിയായി. എടത്തല ഗ്രാമപഞ്ചായത്ത് 12 –ാം വാര്‍ഡില്‍ തേവക്കല്‍ കൈലാസ് നഗര്‍ കോളനിയില്‍ അപ്പശേരി വീട്ടില്‍ ജോസഫ് ദീപ ദമ്പതികളുടെ മകള്‍ ടാനിയ മേരി എഴുതിയ കത്താണ് കണ്ണീരണിയിക്കുന്നത്.

കത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:                                                                                            ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും അറിയാന്‍…                                                                        ഞാന്‍ തേവക്കല്‍ ഗവ. ഹൈസ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുകയാണ്. എടത്തല പഞ്ചായത്തിലെ കൈലാസ് കോളനിയിലെ ഞങ്ങളുടെ വീട്ടിലേക്കുള്ള വഴി വളരെ മോശമായ നിലയിലുള്ള കുത്തനെയുള്ള ഇറക്കമാണ്. പെട്ടെന്ന് ആരെയെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകേണ്ടി വന്നാല്‍ അഞ്ചോ ആറോ പേര്‍ ചേര്‍ന്ന് എടുത്തുകൊണ്ട് പോകേണ്ട അവസ്ഥയാണ്. ജനപ്രതിനിധികളാരും തിരിഞ്ഞു നോക്കിയിട്ടില്ല. വഴിയുടെ കാര്യം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ഒരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വീഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അതേവഴിയില്‍ വീണ് എന്റെ കാലിന്റെ ഇടുപ്പ് ജോയിന്റ് വിട്ടു പോയി. ശാസ്ത്രക്രിയയ്ക്ക് വിധേയമായെങ്കിലും ഒരു ഗുണവും ഉണ്ടായില്ല. അതിനാല്‍ രണ്ട് വര്‍ഷമായി സ്‌കൂളിലേക്ക് പോയി പഠിക്കാന്‍ കഴിഞ്ഞിട്ടില്ല.

ആശുപത്രിയില്‍ പോകണമെങ്കില്‍ കസേരയില്‍ ഇരുത്തി എല്ലാവരും കൂടി എടുത്തുകൊണ്ടു പോകണം. വഴിവിളക്ക് പോലുമില്ലാത്തതിനാല്‍ രാത്രിയില്‍ ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്. ഇതെല്ലാമറിഞ്ഞിട്ടും ആരും വിവരം പോലും തിരക്കിയിട്ടില്ല. പാവപ്പെട്ട കുടുംബമാണ് ഞങ്ങളുടേത്. പിതാവ് ഡ്രൈവറാണ്. കൂട്ടുകാരെല്ലാം സ്‌കൂളില്‍ പോകുന്നത് കാണുമ്പോള്‍ കൊതിയാവുകയാണ്. സ്‌കൂളില്‍ പോയി പഠിക്കണമെന്നാണ് ആഗ്രഹം. ഇടുപ്പെല്ല് മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ഇനിയും വര്‍ഷങ്ങള്‍ എടുക്കും. എന്റെ വിഷമം കണ്ട് അമ്മ കരയുന്നത് കാണാനും എനിക്ക് വയ്യ. എന്റെ കാല്‍ എന്ന് പഴയതുപോലെയാവും എന്നറിയില്ല.

നല്ലൊരു വഴിയുണ്ടെങ്കില്‍ എനിക്ക് എന്റെ കൂട്ടുകാരുടെ സഹായത്തോടെ ആയാലും സ്‌കൂളില്‍ എത്താന്‍ പറ്റും. എനിക്ക് സ്‌കൂളില്‍ പോയി പഠിച്ചേ മതിയാവൂഎനിക്ക് പഠിക്കണം. അതിനു വേണ്ടിയാണ് പ്രിയപ്പെട്ട മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഞാന്‍ ഈ കത്തെഴുതുന്നത്. എനിക്ക് പഠിക്കണം.. സ്‌കൂളില്‍ പോയി പഠിക്കണം..

വിശ്വസ്തതയോടെ,
ടാനിയ മേരി.

 

 

Related Articles

Back to top button