InternationalLatest

കൗതുകവും ഭയവുമായി `ഡ്രാക്കുള മത്സ്യം`

“Manju”

കലിഫോര്‍ണിയ: ഒരേ സമയം കൗതുകമുണര്‍ത്തുന്നതും അതുപോലെ തന്നെ ഭയപ്പെടുത്തുന്നതുമായ ഒരു മത്സ്യമാണ് കഴിഞ്ഞ ദിവസം കരയ്ക്കടിഞ്ഞത്. കലിഫോര്‍ണിയയിലെ ബീച്ചില്‍ നടക്കാന്‍ പോയ ഒരാളാണ് തീരത്തടിഞ്ഞ നിലയില്‍ ചലനമറ്റ മത്സ്യത്തെ കണ്ടത്. അടുത്തു ചെന്നു പരിശോധിച്ചപ്പോള്‍ അയാള്‍ ഞെട്ടിപ്പോയി.മീനിന്റെ വായ്ക്കുള്ളില്‍ ഡ്രാക്കുളയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ നീളമുള്ള രണ്ട് കോമ്ബല്ലുകള്‍. താമസിയാതെ മീനിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഡ്രാക്കുള മീനെന്ന ചെല്ലപ്പേരും താമസിയാതെ മീനിനു വീണു. നീളമുള്ള ശരീരം വലിയ കണ്ണുകളും മീനിനുണ്ട്.

ചിത്രമെടുത്ത ശേഷം കാല്‍നടക്കാരന്‍ മീനിനെ തിരിച്ചു കടലിലേക്കു വിട്ടു. ചലനമറ്റെങ്കിലും അതിന്റെ ജീവന്‍ പോയിരുന്നില്ല. താമസിയാതെ അതു കടലില്‍ നീന്തിത്തിരിച്ചുപോയി. അപൂര്‍വമായ ഈ മത്സ്യം ഏതാണെന്ന് സംശയം സമൂഹമാധ്യമങ്ങളില്‍ നിലനിന്നിരുന്നു. ഒടുവില്‍ മ്യൂസിയം ഓഫ് വെര്‍ട്ടിബ്രേറ്റ് സുവോളജിയിലെ ക്യുറേറ്ററായ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ ഈ മത്സ്യത്തെ തിരിച്ചറിഞ്ഞു. ലാന്‍സെറ്റ്ഫിഷ് എന്നറിയപ്പെടുന്ന മീനായിരുന്നു ഇത്. അലെപിസോറസ് ഫെറോക്‌സ് എന്നറിയപ്പെടുന്ന ഈ വേട്ടക്കാരന്‍ മീനിന് 7 അടി വരെ നീളത്തില്‍ വളരാനാകും. ഭൂമിയില്‍ ധ്രുവപ്രദേശങ്ങളിലേത് ഒഴിച്ചുള്ള സമുദ്രമേഖലകളില്‍ ഈ മത്സ്യത്തിന്റെ സാന്നിധ്യമുണ്ട്.
350 മുതല്‍ 6500 അടി വരെ താഴ്ചയുള്ള മേഖലകളിലാണ് ഇവയെ കണ്ടെത്തുന്നത്. സൂര്യപ്രകാശം കുറവുള്ള സമുദ്രമേഖലയാണ് ഇത്. ചിലപ്പോള്‍ വളരെ ഉയരത്തിലേക്ക് ഊളിയിട്ടു പൊങ്ങി ഇരകളെ അകത്താക്കാനും ഈ മത്സ്യത്തിനു കഴിവുണ്ട്. സമുദ്രത്തിലെ വലിയ വേട്ടക്കാരനാണു ലാന്‍സെറ്റ് ഫിഷ്. മീനുകള്‍, കണവകള്‍, കൊഞ്ചു വര്‍ഗത്തില്‍ പെട്ട ജീവികള്‍ എന്നിവയെയെല്ലാം ഇവ ഭക്ഷണത്തിനായി വേട്ടയാടാറുണ്ട്. വലിയ അളവില്‍ ഇവ ഭക്ഷണം അകത്താക്കും. അപൂര്‍വമത്സ്യങ്ങളാണെങ്കിലും ചിലപ്പോഴൊക്കെ മീന്‍പിടിത്തക്കാരുടെ ട്രോളിങ് വലയില്‍ ഇവ അകപ്പെടാറുണ്ട്. ഇവയുടെ മാംസം ഭക്ഷ്യയോഗ്യമാണെങ്കിലും രുചി കുറവാണ്.

Related Articles

Back to top button