IndiaLatest

എയര്‍ടെലിന് വന്‍ നേട്ടം ;ജിയോ വിട്ടുപോയത് 36 ലക്ഷം വരിക്കാര്‍

“Manju”

രാജ്യത്തെ ടെലികോം മേഖലയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി വലിയ മാറ്റങ്ങളാണ് നടക്കുന്നത്. മുന്‍നിര ടെലികോം കമ്പനികളെല്ലാം വന്‍ തിരിച്ചടിയാണ് നേരിട്ടുക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലും ഡിസംബറിലുമായാണ് മിക്ക കമ്പനികളും മൊബൈല്‍ നിരക്കുകള്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ചത്. ഇതോടെ സര്‍വീസ് ഉപേക്ഷിക്കുന്ന വരിക്കാരുടെ എണ്ണവും കുത്തനെ കൂടി. ട്രായിയുടെ ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ പിടിച്ചുനിന്നത് എയര്‍ടെല്‍ മാത്രമാണ്. ശേഷിക്കുന്ന എല്ലാ കമ്പനികളും താഴോട്ടു പോയി. ഏറ്റവും കൂടുതല്‍ വരിക്കാരുള്ള റിലയന്‍സ് ജിയോക്ക് 28 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 36 ലക്ഷം വരിക്കാരെയാണ്. വോഡഫോണ്‍ ഐഡിയക്ക് 15 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയ്ക്ക് ഇതിനു മുന്‍പ് ഡിസംബറിലും ജനുവരിയിലുമാണ് വന്‍ തിരിച്ചടി നേരിട്ടത്. പുതിയ വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോയ്ക്ക് വന്‍ തിരിച്ചടിയാണ് നേരിടുന്നത്. എന്നാല്‍, സെപ്റ്റംബറിലും താഴോട്ട് പോയിരുന്ന ജിയോ ഒക്ടോബറിലും നവംബറിലും വന്‍ തിരിച്ചുവരവും നടത്തിയിരുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പ്രതിമാസ പ്രകടന റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരിയില്‍ ജിയോയ്ക്ക് 36.60 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതോടെ ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 40.27 കോടിയായി കുറഞ്ഞു.

എന്നാല്‍, ജിയോയുടെ എതിരാളികളായ ഭാരതി എയര്‍ടെലിന് ജനുവരിയില്‍ 15.91 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ലഭിച്ചത്. ഇതോടെ എയര്‍ടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 35.80 കോടിയായി. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയയുടെ 15.32 ലക്ഷം വരിക്കാരാണ് വിട്ടുപോയത്. ഇതോടെ വി യുടെ മൊത്തം വരിക്കാരുടെ എണ്ണം 26.35 കോടിയുമായി. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബി‌എസ്‌എന്‍‌എല്‍) ജനുവരിയില്‍ 1.12 ലക്ഷം പുതിയ വരിക്കാരെയാണ് നഷട്പ്പെട്ടത്. ഇതോടെ ബി‌എസ്‌എന്‍‌എലിന്റെ മൊത്തം വരിക്കാര്‍ 11.38 കോടിയുമായി.

മൊത്തം വയര്‍ലെസ് വരിക്കാര്‍ ഫെബ്രുവരി അവസാനത്തോടെ 1,14.15 കോടിയായി താഴ്ന്നു. പ്രതിമാസ ഇടിവ് നിരക്ക് 3.72 ശതമാനമാണ് രേഖപ്പെടുത്തിയതെന്നും ട്രായ് ഡേറ്റയില്‍ പറയുന്നു. നഗരപ്രദേശങ്ങളിലെ സജീവ വയര്‍ലെസ് വരിക്കാരുടെ എണ്ണം ജനുവരിയിലെ 62.71 കോടിയില്‍ നിന്ന് ഫെബ്രുവരി അവസാനത്തില്‍ 62.51 കോടിയായി താഴ്ന്നു. ഗ്രാമീണ മേഖലകളില്‍ വയര്‍ലെസ് വരിക്കാര്‍ ജനുവരിയിലെ 51.81 കോടിയില്‍ നിന്ന് ഫെബ്രുവരിയില്‍ 51.63 കോടിയായും താഴ്ന്നിട്ടുണ്ട്. നഗര, ഗ്രാമീണ വയര്‍ലെസ് വരിക്കാരുടെ മൊത്തം പ്രതിമാസ ഇടിവ് നിരക്ക് യഥാക്രമം 0.31 ശതമാനവും 0.34 ശതമാനവുമാണെന്ന് ട്രായ് ഡേറ്റ കാണിക്കുന്നു.

മൊത്തം വയര്‍ലെസ് വരിക്കാരില്‍ (1,141.53 ദശലക്ഷം) 1016.09 ദശലക്ഷം പേര്‍ ഫെബ്രുവരിയില്‍ പീക്ക് വിസിറ്റര്‍ ലൊക്കേഷന്‍ റജിസ്റ്റര്‍ (വിഎല്‍ആര്‍) സമയത്ത് സജീവമായിരുന്നു. സജീവ വയര്‍ലെസ് വരിക്കാരുടെ അനുപാതം മൊത്തം വയര്‍ലെസ് വരിക്കാരുടെ എണ്ണത്തിന്റെ 89.01 ശതമാനമാണെന്നും ട്രായ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജിയോയുടെ മൊത്തം വരിക്കാരില്‍ (40.27 കോടി) 37.86 കോടി പേര്‍ മാത്രമാണ് വിഎല്‍ആര്‍ സമയത്ത് സജീവമായിരുന്നത്. എന്നാല്‍, എയര്‍ടെലിന്റെ മൊത്തം വരിക്കാരില്‍ (35.80 കോടി) 35.12 കോടി പേരും സജീവമായിരുന്നു. ഫെബ്രുവരിയില്‍ 9.16 ദശലക്ഷം വരിക്കാര്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിക്കായി (എംഎന്‍പി) അപേക്ഷ സമര്‍പ്പിച്ചു. ജനുവരിയിലെ 670.95 ദശലക്ഷത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 680.11 ദശലക്ഷമായി വര്‍ധിച്ചു.

Related Articles

Back to top button