KeralaLatest

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്

“Manju”
കൊല്ലം: സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ ഭര്‍തൃപീഡനംമൂലം ബി. എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം തടവും 12.55 ലക്ഷംരൂപ പിഴയും കോടതി വിധിച്ചു . 2 ലക്ഷം രൂപ വിസ്മയയുടെ കുടുംബത്തിന് നല്‍കേണ്ടതാണെന്നും കോടതി അറിയിച്ചു.

അതേസമയം, വാദത്തിനിടെ കുറ്റം ചെയ്തിട്ടില്ലെന്ന് കിരണ്‍ കോടതിയില്‍ പലതവണ അവകാശപ്പെട്ടു. കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും, അച്ഛന് സുഖമില്ലെന്നും കിരണ്‍ വാദിച്ച്‌ നോക്കി. താന്‍ നിരപരാധിയാണെന്നായിരുന്നു കിരണിന്റെ വാദം. തന്റെ പ്രായം പരിഗണിക്കണമെന്ന് പറഞ്ഞ കിരണ്‍, തനിക്ക് ശിക്ഷയില്‍ ഇളവ് തരണമെന്നും ആവശ്യപ്പെട്ടിരുന്നു.

സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉള്‍പ്പെടെ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നില്‍ക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. കിരണ്‍ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളില്‍ അഞ്ചും നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞിരുന്നു.

ഐപിസി 304 (B), ഗാര്‍ഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകള്‍ മാത്രമാണ് തള്ളിക്കളഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരണ്‍ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇയാളെ ജയിലിലേക്ക് മാറ്റി. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

Related Articles

Back to top button