LatestNatureTravel

അഞ്ചുനിറങ്ങളില്‍ ഒഴുകുന്ന നദി

“Manju”

ഒരേ ഒരു നദി, പക്ഷേ ഒരേ സമയം ഒഴുകുന്നത് മഞ്ഞ, പച്ച, നീല, ചുവപ്പ്, കറുപ്പ് നിറങ്ങളില്‍. കമ്പ്യൂട്ടറിന്റെ സഹായത്തോടെ സൃഷ്ടിച്ചതാണിതെന്ന് കരുതിയെങ്കില്‍ തെറ്റി.

ഇത് തികച്ചും ഒറിജിനല്‍. കൊളംബിയയിലാണ് ഈ അത്ഭുത നദി ഒഴുകുന്നത്. കാനോ ക്രിസ്‌റ്റൈല്‍സ് എന്നാണ് പേര്. ലിക്വിഡ് റെയിന്‍ബോ എന്നും അറിയപ്പെടുന്നുണ്ട്. കണ്ണാടിതോല്‍ക്കുന്ന വെള്ളം നദിയുടെ പലഭാഗത്ത് പല നിറത്തില്‍ ഒഴുകുന്നത് കാണുമ്പോള്‍ ആരുടെയും കണ്ണ് തള്ളും എന്ന് ഉറപ്പ്.

ആരെങ്കിലും നിറം കലര്‍ത്തുന്നതോ അത്ഭുത പ്രതിഭാസമോ അല്ല ഇതിന് പിന്നില്‍. ‘മക്കാരീനിയ ക്ലാവിഗേര’എന്ന പായല്‍പോലെത്തെ ജലസസ്യമാണ് നിറങ്ങള്‍ക്കുപിന്നില്‍. നദിയുടെ അടിത്തട്ടിലും പാറകളിലുമൊക്കെ പലനിറത്തിലുളള ഇവ ഇഷ്ടംപോലെ വളര്‍ന്നുനില്‍ക്കും. മാലിന്യം അല്പംപോലും ഇല്ലാത്തതിനാല്‍ ഏത് നിറത്തിലുള്ള പായലിന് മുകളിലൂടെയാണോ ഒഴുകുന്നത് ആ നിറമായിരിക്കും വെള്ളത്തിന്. കടുത്ത വെയിലാണെങ്കില്‍ നിറങ്ങള്‍ കൂടുതല്‍ കണ്ണഞ്ചിപ്പിക്കും.

സെറാനിയ ഡി ലാ മകരീന നാഷണല്‍ പാര്‍ക്കിലാണ് 100 കിലോമീറ്റര്‍ നീളമുള്ള കാനോ ക്രിസ്റ്റല്‍സ് നദി ഒഴുകുന്നത്. വര്‍ഷത്തില്‍ അഞ്ചുമാസം മാത്രമാണ് അഞ്ചുനിറത്തില്‍ നദി ഒഴുകുന്നത്. അതായത് ജൂലായ് അവസാനം മുതല്‍ നവംബര്‍ വരെ. പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ് നദി കാണാന്‍ ആരും മോഹിക്കുമെങ്കിലും അവിടെ എത്തപ്പെടാന്‍ ഒത്തിരി കടമ്ബകള്‍ കടന്നാലേ പറ്റൂ.പ്രവേശനത്തിന് അനുമതി ലഭിക്കണമെങ്കില്‍ കര്‍ശന നിബന്ധനകളാണ് പാലിക്കേണ്ടത്. ഒരു ദിവസം ഇരുനൂറുപേര്‍ക്കുമാത്രമാണ് പ്രവേശനം. സഞ്ചാരികളെ പ്രത്യേക സംഘങ്ങളാക്കി തിരിക്കും. ഒരു സംഘത്തില്‍ ഒരുകാരണവശാലും ഏഴുപേരില്‍ കൂടാന്‍ പാടില്ല. നദിയില്‍ ഇറങ്ങുകയോ വെള്ളത്തില്‍ സ്പര്‍ശിക്കുകയോ ചെയ്യരുത്. ഇത് ലംഘിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടിവരും. സഞ്ചാരികളെ നിയന്ത്രിക്കാന്‍ സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. കടുകട്ടി നിബന്ധനകള്‍ ഉണ്ടെങ്കിലും ഇന്ത്യക്കാരുള്‍പ്പടെ നിരവധിപേരാണ് ഓരോ സീസണിലും ഇവിടെ എത്തുന്നത്.

Related Articles

Back to top button