IndiaLatest

കൃഷിയിടത്തിലേക്ക് സോളാര്‍ വൈദ്യുതി

“Manju”

കൃഷിയിടത്തിലേക്ക് ആവശ്യമായ വൈദ്യുതി സൗരോര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് സഹായവും പിന്തുണയും നല്‍കി അനര്‍ട്ട്. സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുന്നതോടെ കര്‍ഷകരുടെ സാമ്പത്തിക ചെലവ് കുറക്കാനും അതുവഴി കൃഷിയില്‍ നിന്ന് അധിക വരുമാനം നേടാനും സഹായിക്കുന്നതാണ് പദ്ധതി. കേന്ദ്ര സര്‍ക്കാറിന്റെ പി.എം കുസും യോജനയിലൂടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജവകുപ്പിന് കീഴിലുള്ള അനര്‍ട്ട് കര്‍ഷക സൗഹൃദ പദ്ധതികള്‍ നടപ്പാക്കുന്നത്.

എ,ബി,സി വിഭാഗങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയില്‍ സി വിഭാഗത്തില്‍ 60 ശതമാനം സബ്‌സിഡി ലഭിക്കും. നിലവില്‍ ഗ്രിഡ് കണക്റ്റ് ചെയ്ത കാര്‍ഷിക പമ്പുകളെ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതാണ് സി വിഭാഗം പദ്ധതി. കൃഷിയിടത്തിലേക്ക് ആവശ്യമായ വൈദ്യുതിയ്ക്ക് പുറമെ സോളാറില്‍ നിന്നുള്ള അധിക വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കി വരുമാനമുണ്ടാക്കാനും പദ്ധതിയിലൂടെ കര്‍ഷകന് കഴിയുമെന്ന് അനര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ ദില്‍ഷാദ് അഹമ്മദ് ഉള്ളാട്ടില്‍ പറഞ്ഞു.

ഒരു എച്ച്‌.പി മുതല്‍ പത്ത് എച്ച്‌.പി വരെയുള്ള കാര്‍ഷിക പമ്പുകള്‍ സോളാര്‍ സംവിധാനത്തിലേക്ക് മാറ്റാന്‍ കഴിയും. ഒരു എച്ച്‌.പി ശേഷിക്ക് കുറഞ്ഞത് ഒരു കിലോവാട്ട് എന്ന കണക്കിനാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് ഒരു കിലോ വാട്ട് ശേഷിക്ക് 100 സ്‌ക്വയര്‍ ഫീറ്റ് നിഴല്‍രഹിത സ്ഥലം ആവശ്യമാണ്. ഇത്തരത്തിലുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ 54000 രൂപയാണ് ചെലവ്.

ഇതില്‍ 60 ശതമാനം തുകയുടെ സബ്‌സിഡി ലഭിക്കും. ഗുണനിലവാരമുള്ള ഏജന്‍സികളുടെ ലിസ്റ്റ് തയാറാക്കിയാണ് അനര്‍ട്ടിന്റെ പദ്ധതിനിര്‍വഹണം. സംസ്ഥാനത്ത് ആകെ പ്രതിവര്‍ഷം 100 പമ്പുകളാണ് വിതരണം ചെയ്യാനാവുക എന്നിരിക്കെ പദ്ധതിയുടെ സ്വീകാര്യതയും ഗുണവും കണക്കിലെടുത്ത് പദ്ധതി വിപുലീകരിക്കാനൊരുങ്ങുകയാണ് അനര്‍ട്ട്. ഫോണ്‍: 0483 2730999

Related Articles

Back to top button