KeralaLatest

കെ.ഐ.ലാല്‍ ഇനി പുതിയ പദവിയില്‍

“Manju”

തിരുവനന്തപുരം: 30 ലക്ഷത്തോളം കുട്ടികളുടെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ കൈയൊപ്പ് ചാര്‍ത്തി പരീക്ഷ സെക്രട്ടറി പദവിയില്‍നിന്ന് കെ.ഐ.ലാല്‍ പടിയിറങ്ങുന്നു. പരീക്ഷ നടത്തിപ്പിലും സെക്രട്ടറി പദവിയിലും തിളക്കമാര്‍ന്ന സേവനത്തോടെ റെക്കോഡിട്ടാണ് ലാല്‍ കൊല്ലം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (ഡി.ഡി.ഇ) പദവിയിലേക്ക് മാറുന്നത്.

2015ല്‍ യു.ഡി.എഫ് സര്‍ക്കാറിന് നാണക്കേടുണ്ടാക്കിയ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപന പിഴവിലെ തിരുത്തല്‍ നടപടിയുടെ ഭാഗമായാണ് ലാല്‍ അതേവര്‍ഷം ജൂലൈയില്‍ പരീക്ഷ സെക്രട്ടറിയായി നിയമിതനായത്. പരീക്ഷഫലം പിഴക്കാന്‍ ഇടയാക്കിയ ഐ എക്സാം സോഫ്റ്റ്വെയറിലെ പിഴവ് പരിഹരിച്ച്‌ 2016ല്‍ ലാലിന്റെ നേതൃത്വത്തില്‍ പിഴവില്ലാതെ ആദ്യഫലം പുറത്തുവിട്ടു.
പിഴവുകളില്ലാതെ തുടര്‍ച്ചായി ഏഴ് വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ നടത്തിയതും പരീക്ഷഭവനെ ജനകീയവത്കരിച്ചതും ലാലിന്റെ നേതൃത്വത്തിലായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷക്ക് പുറമെ പത്താംതരം തുല്യത, കെ.ടെറ്റ്, ഡി.എല്‍.എഡ്, കെ.ജി.ടി.ഇ ഉള്‍പ്പെടെ പരീക്ഷഭവന്‍ നടത്തുന്ന 34 പരീക്ഷകളുടെയും ചുമതലയും ലാലിനായിരുന്നു. സര്‍ക്കാര്‍ മാറിയിട്ടും പ്രവര്‍ത്തന മികവ് മുന്‍നിര്‍ത്തി ലാലിനെ ആറ് വര്‍ഷം പരീക്ഷ സെക്രട്ടറി പദവിയില്‍ നിലനിര്‍ത്തി. ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷഫലം പ്രഖ്യാപനത്തിന് തയാറാക്കിയാണ് ലാല്‍ പുതിയ പദവിയിലേക്ക് മാറുന്നത്. കൊല്ലം കല്ലട സ്വദേശിയാണ് ലാല്‍. പരീക്ഷഭവന്‍ ജോയന്റ് കമീഷണര്‍ ഗിരീഷ് ചോലയിലിനാണ് പരീക്ഷ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്.

Related Articles

Check Also
Close
  • …..
Back to top button