IndiaLatest

അഞ്ച് സംസ്ഥാനങ്ങളോട് മുന്‍കരുതല്‍ സ്വീകരിക്കാന്‍ കേന്ദ്രം

“Manju”

ന്യൂ‌ഡല്‍ഹി: കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ അഞ്ച് സംസ്ഥാനങ്ങളോട് മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ കേന്ദ്ര നിര്‍ദേശം. ഇതോടെ രാജ്യം നാലാം തരംഗ ഭീതിയിലേയ്ക്ക് പോകുകയാണോ എന്ന ആശങ്ക പടരുകയാണ്. 84ദിവസത്തിന് ശേഷം ആദ്യമായി രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 4000 കടന്നിരുന്നു. 26 പേരാണ് മരണപ്പെട്ടത്.

കേരളം, തമിഴ്നാട്, തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കേസുകള്‍ വര്‍ദ്ധിക്കുന്നതെന്നും കര്‍ശന നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജീവ് ഭൂഷണ്‍ കത്തയച്ചിരുന്നു. കേരളത്തില്‍ എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

നാലാം തരംഗത്തെ നേരിടാന്‍ കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വെള്ളിയാഴ്ച നഗരത്തിലെ ആരോഗ്യപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സജ്ജീകരിക്കാനും വാര്‍ റൂമുകള്‍ തുറക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലായ് മാസത്തോടെ മുംബയ് നഗരത്തില്‍ നാലാം തരംഗം എത്തുമെന്നാണ് കാണ്‍പൂര്‍ ഐഐടിയില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പറയുന്നത്. നിലവില്‍ 8000പരിശോധനകളാണ് ദിവസവും നടക്കുന്നത്. ഇത് 30,000മുതല്‍ 40,000വരെയാക്കി വര്‍ദ്ധിപ്പിക്കും. പരിശോധന വര്‍ദ്ധിപ്പിക്കണമെന്ന് എല്ലാ ജില്ലാ ഭരണകൂടങ്ങളോടും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button