Latest

മിതാലി രാജ്;  തലമുറകൾക്ക് പ്രചോദനമാകുന്ന ഇന്ത്യൻ പെൺകരുത്ത്

“Manju”

സമകാലിക വനിതാ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ എന്തു കൊണ്ടും മുന്നിലാണ് മിതാലി ദൊരൈ രാജ് എന്ന നാമം. അവഗണനകളുടെ ബാലാരിഷ്ടതകൾ ദീർഘകാലം പേറിയ വനിതാ ക്രിക്കറ്റ് മേഖലയെ ഇന്ന് കാണുന്ന ഔന്നത്യങ്ങളിൽ എത്തിക്കാൻ പ്രയത്നിച്ച താരങ്ങളിൽ മുൻപന്തിയിലാണ് മിതാലിയുടെ സ്ഥാനം. റെക്കോർഡ് ബുക്കുകളിലെ പേരിനപ്പുറം , ക്രിക്കറ്റിനെ ഒരു മതമായി ആരാധിക്കുന്ന ഒരു ദേശത്തിന്റെ ക്രിക്കറ്റ് ദേവത എന്ന വിശേഷണത്തിന് എന്തുകൊണ്ടും അർഹയായി നിരൂപകർ പരിഗണിക്കുന്ന നാമമാണ് മിതാലിയുടേത്.

വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം എന്നാണ് മിതാലി രാജ് അറിയപ്പെടുന്നത്. ലോകക്രിക്കറ്റിൽ ഏറ്റവും കൂടൂതൽ റൺസ് സ്കോർ ചെയ്ത വനിതാ താരവും ഏകദിനത്തിൽ ആറായിരം റൺസ് പിന്നിട്ട ഒരേയൊരു വനിതാ താരവുമാണ് മിതാലി. ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി 7 അർദ്ധശതകങ്ങൾ നേടിയതിന്റെ റെക്കോർഡും മിതാലിയുടെ പേരിലാണ്. വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം അർദ്ധസെഞ്ചുറികളും മിതാലി രാജിന്റെ പേരിലാണ്.

2018ലെ വനിതാ ഏഷ്യാ കപ്പിൽ, ട്വന്റി 20 ക്രിക്കറ്റിൽ ആദ്യമായി 2000 റൺസ് തികയ്‌ക്കുന്ന താരമായി മിതാലി മാറി. ഇന്ത്യൻ പുരുഷതാരങ്ങൾ ഈ നേട്ടം പിന്നിട്ടത് മിതാലിക്ക് ശേഷമാണ്. രണ്ട് ഏകദിന ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ച ക്യാപ്ടൻ എന്ന റെക്കോർഡും മിതാലി രാജിന് മാത്രം അവകാശപ്പെട്ടതാണ്. 200 ഏകദിനങ്ങൾ കളിക്കുന്ന ആദ്യത്തെ വനിതാ താരം എന്ന നേട്ടവും മിതാലി രാജിന് സ്വന്തമാണ്.

1982 ഡിസംബർ 3ന് ജയ്പൂരിലെ ഒരു തമിഴ് കുടുംബത്തിലായിരുന്നു മിതാലി രാജിന്റെ ജനനം. ഇന്ത്യൻ വ്യോമസേനയിൽ എയർമാനായിരുന്ന ദൊരൈ രാജിന്റെയും ലീലാ രാജിന്റെയും മകളാണ് ഇന്ത്യയുടെ ഈ അഭിമാന താരം. പത്താം വയസ്സ് മുതൽ ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ച മിതാലി രാജ് പതിനാലാം വയസ്സിൽ ഇന്ത്യൻ വനിതാ ലോകകപ്പ് ടീമിന്റെ സാദ്ധ്യതാ പട്ടികയിൽ ഇടം പിടിച്ചു. 1999ൽ അയർലൻഡിനെതിരെ ഏകദിനത്തിൽ അരങ്ങേറിയ മിതാലി,ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറിയിലൂടെ തന്റെ വരവറിയിച്ചു. അഞ്ജും ചോപ്രയ്‌ക്കൊപ്പം എയർ ഇന്ത്യക്ക് വേണ്ടിയും മിതാലി രാജ് പാഡണിഞ്ഞു.

2001-2002 സീസണിൽ ദക്ഷിണാഫ്രിക്കക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ മിതാലി രാജ് തന്റെ പത്തൊൻപതാം വയസ്സിൽ വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായ 214 തന്റെ പേരിൽ കുറിച്ചു. 2005 വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിൽ മിതാലി രാജ് ഇന്ത്യയെ എത്തിച്ചു.അതേ വർഷം തന്നെ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വനിതാ ടീം ചരിത്രത്തിലെ ആദ്യ ടെസ്റ്റും പരമ്പരയും സ്വന്തമാക്കി. ഏഷ്യാ കപ്പും ഇന്ത്യയിൽ എത്തിക്കാൻ അക്കാലയളവിൽ മിതാലി രാജിന് സാധിച്ചു.

2013 വനിതാ ലോകകപ്പിൽ റൺ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു മിതാലി രാജ്. ഏകദിനത്തിലും ട്വന്റി 20യിലും ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച താരമാണ് മിതാലി. 2017ൽ വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 9 റൺസിന് ഇന്ത്യൻ ടീം പരാജയപ്പെട്ടുവെങ്കിലും മിതാലിയുടെ നേതൃപാടവം ക്രിക്കറ്റ് ലോകം അംഗീകരിച്ചു.

2003ൽ അർജുന അവാർഡ് നൽകി രാജ്യം മിതാലിയെ ആദരിച്ചു. ക്രീസിലെ ആക്രമണോത്സുകതയും അനായാസം റൺസ് സ്കോർ ചെയ്യാനുള്ള കഴിവുമാണ് മിതാലി രാജിനെ സമകാലിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർ എന്ന പദവിയിൽ നിലനിർത്തുന്നത്. വനിതാ ക്രിക്കറ്റിലെ ടെണ്ടുൽക്കർ എന്ന് മിതാലി രാജിനെ പല നിരൂപകരും വിശേഷിപ്പിക്കാറുണ്ട്.  എന്നാൽ, തന്റേതായ കേളീമികവ് കൊണ്ടും അസാമാന്യ പോരാട്ടവീര്യം കൊണ്ടും, സൈനികനായ പിതാവിൽ നിന്നും കിട്ടിയ അച്ചടക്കവും കാർക്കശ്യവും കൊണ്ടും താൻ പ്രവർത്തിച്ച മേഖലയിൽ തന്റേതായ പാത വെട്ടിത്തുറന്ന മിതാലി രാജ് അറിയപ്പെടേണ്ടത് താരതമ്യങ്ങൾക്കും അപ്പുറമുള്ള പെൺകരുത്തിന്റെ പ്രതിഭാവിശേഷം എന്ന പേരിലാണ്.

Related Articles

Back to top button