InternationalLatest

സ്വര്‍ഗത്തിലെത്താന്‍ പട്ടിണി കിടന്നു, ‍ 58 മരണം

“Manju”

സ്വര്‍ഗത്തിലെത്താന്‍ പട്ടിണി കിടന്നു,  കെനിയയില്‍ 58 മരണം

നെയ്‌റോബി : മതനേതാവിന്റെ നിര്‍ദ്ദേശപ്രകാരം ദൈവത്തെ കാണാമെന്നും സ്വര്‍ഗത്തിലെത്തുമെന്നും വിശ്വസിച്ച്‌ പട്ടിണി കിടന്ന് മരിച്ചെന്ന് കരുതുന്ന 58 പേരുടെ മൃതദേഹങ്ങള്‍ കിഴക്കന്‍ കെനിയയിലെ മലിന്ദി നഗരത്തിന് സമീപം കണ്ടെത്തി.

കുട്ടികളടക്കമുള്ളവരുടെ മൃതദേഹങ്ങളാണ് ഷകഹോല വനമേഖലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ഗുഡ് ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച്‌ എന്ന പേരില്‍ പ്രവര്‍ത്തിച്ച സംഘടനയുടെ അനുയായികളാണ് മരിച്ചതെന്ന് കരുതുന്നു. ദിവസങ്ങളായി ഭക്ഷണവും വെള്ളവുമില്ലാതെ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 11 പേരെ നേരത്തെ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ സംഘടനയുടെ നേതാവായ പോള്‍ മക്കെന്‍സീ എന്‍തെംഗെയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ 15ന് വനത്തില്‍ പട്ടിണി കിടന്ന് മരിച്ചെന്ന് കരുതുന്ന നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒന്നിലേറെ കുഴിമാടങ്ങളിലായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

112 പേരെ കാണാനില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 800 ഏക്കര്‍ വിസ്തൃതിയിലുള്ള വനത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. മരണകാരണം സ്ഥിരീകരിക്കാന്‍ പരിശോധനകള്‍ നടത്തും. സംഘടനയിലെ ഏതാനും അംഗങ്ങള്‍ സമീപത്തെ വനമേഖലയിലും മറ്റും ഒളിവിലുണ്ടെന്നാണ് സൂചന.

 

Related Articles

Back to top button