KeralaLatest

കേരളത്തിലെ പൊതുജനാരോഗ്യസമ്പ്രദായം ഏറെ മികച്ചത്

“Manju”

കോഴിക്കോട് : കേരളത്തിലെ പൊതുജനാരോഗ്യ സമ്പ്രദായം ഏറെ മികച്ചതാണെന്നും ജനപങ്കാളിത്തത്തോടെ അതിനെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കണമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആരോഗ്യ വകുപ്പിന്റെയും ദേശീയാരോഗ്യദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബ്ലോക്ക്‌ ലെവല്‍ ആരോഗ്യ മേളയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 109 ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ സജ്ജീകരിക്കുന്നുണ്ട്. ഇവിടങ്ങളില്‍ കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജീവിതശൈലീ രോഗനിയന്ത്രണ ക്ലിനിക്കുകള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകും. ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബ്ലോക്ക് ലെവല്‍ ആരോഗ്യ മേളകള്‍ സംഘടിപ്പിക്കുന്നത്. ജില്ലയിലെ 12 ബ്ലോക്കുകളിലും ആരോഗ്യമേളകള്‍ നടത്തും. ആരോഗ്യവകുപ്പിനു കീഴിലുള്ള സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം വിവിധ ആരോഗ്യസേവനങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവാന്മാരാക്കുന്നതിനു കൂടിയാണിത്.

ജനറല്‍ മെഡിസിന്‍, ഇ എന്‍ ടി, ഗൈനക്കോളജി, ആയുര്‍വേദഹോമിയോ ഒ പി, ശിശുരോഗ വിഭാഗം, ചര്‍മരോഗ വിഭാഗം, ദന്തരോഗ വിഭാഗം, ഇ സഞ്ജീവനി, കൗണ്‍സിലിംഗ്, ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ്, സര്‍വിക്കല്‍ കാന്‍സര്‍ പരിശോധന, കണ്ണിലെ പ്രമേഹരോഗ നിര്‍ണയം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സേവനങ്ങള്‍, എം വി ആര്‍ ക്യാന്‍സര്‍ സെന്ററിന്റെ സേവനങ്ങള്‍, വിവിധ ആരോഗ്യ പദ്ധതികളും സേവനങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഐ ഇ സി ആരോഗ്യ പ്രദര്‍ശനം, വീഡിയോ റൂം, എച്ച്‌ ഐ വി പരിശോധന, കോവിഡ് വാക്സിനേഷന്‍ ഹെല്‍പ് ഡെസ്ക് സേവനങ്ങളും മേളയില്‍ സജ്ജീകരിച്ചിരുന്നു. ചെറുവണ്ണൂര്‍ ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ നടന്ന ആരോഗ്യമേളയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹെല്‍ത്തി ഫുഡ്സ്റ്റാള്‍, ചെറുവണ്ണൂര്‍ പ്രദേശത്തെ അന്ധരായ ആളുകള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ വിപണന സ്റ്റാള്‍, പെയിന്റിംഗ് എന്നിവയും സംഘടിപ്പിച്ചു. 446 പേര്‍ പങ്കെടുത്തു.

ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എ. നവീന്‍ ആരോഗ്യമേളയെക്കുറിച്ച്‌ വിശദീകരിച്ചു. എം.കെ രാഘവന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡോ. എസ്.ജയശ്രീ, കടലുണ്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവദാസന്‍, കൗണ്‍സിലര്‍ ഷീബ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.ഉമ്മര്‍ ഫാറൂഖ്, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കവിത പുരുഷോത്തമന്‍, ഐ എസ് എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എം.മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Related Articles

Back to top button